ഓൺലൈൻ ട്രേഡിങ്ങിലൂടെ കൊല്ലം സ്വദേശിയുടെ 45 ലക്ഷം തട്ടിയ കേസിൽ ഏച്ചൂർ സ്വദേശിനി അറസ്റ്റിൽ


കണ്ണൂർ:- കണ്ണൂരിലെ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ ഏച്ചൂർ സ്വദേശിനി അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി അഷ്റഫ് എന്നയാളെ വഞ്ചിച്ച കേസിലെ നാലുപ്രതികളിൽ ഒരാളാണ് ജസീല. കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്ത് ഇവരെ റിമാൻഡ് ചെയ്തു. റോബോട്ടിക്ക് ട്രേഡിങ്ങിൽ നിക്ഷേപിച്ചാൽ നല്ല ലാഭം തരാമെന്നു  പറഞ്ഞു വിശ്വസിപ്പിച്ച് 43.59 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തിരുന്നു.

കൊല്ലം കടയ്ക്കൽ സ്വദേശി എ.അഷ്റഫിന്റെ പരാതിയിൽ കോടതി നിർദേശപ്രകാരം ഏച്ചൂർ സ്വദേശികളായ ജസീല, നസീബ്, ജംഷീർ, കോഴിക്കോട് കക്കോടി സ്വദേശി നജ്‌മൽ എന്നിവർക്കെതിരെയാണു കേസെടുത്തത്. 2021ൽ സമൂഹമാധ്യമങ്ങൾ വഴി പരസ്യം നൽകി പണം തട്ടിയെടുത്തെന്നാണു പരാതി. 

താണയിലെ സാറ എഫ്എക്സ് എന്ന കമ്പനിക്കു വേണ്ടി പണം ശേഖരിക്കുന്ന കാപ്‌സ്‌ഗെയ്ൻ എന്ന സ്ഥാപനത്തിൽ വച്ച് ജസീല നസീബും അഷ്റഫിന്റെ ഒമാനിലെ ഓഫീസിൽ വച്ച് ജംഷീറും നജ്‌മലും റോബട്ടിക് ട്രേഡിങ്ങിൽ നിക്ഷേപിച്ചാൽ നല്ല ലാഭം തരാമെന്നും തുകയുടെ 20% എല്ലാ മാസവും തരാമെന്നും പറഞ്ഞതായാണു പരാതിയിലുള്ളത്. എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്രേഡിങ് നടത്താമെന്നു വാഗ്ദാനം ചെയ്ത്, 2022 ജൂൺ 4നും ഒക്ടോബർ 3നും ഇടയിൽ 43.59 ലക്ഷം രൂപ വ്യാജ ബാങ്ക് അക്കൗണ്ടുകളിലൂടെയും മറ്റും പ്രതികൾ കൈക്കലാക്കിയതായും അഡ്വ. മിഥുൻ മാധവൻ മുഖേന നൽകിയ പരാതിയിൽ ആരോപിക്കുന്നത്. ക്രിപ്റ്റോ കറൻസിയുടെയും വിദേശ വ്യാപാരത്തിന്റെയും പേരിൽ വാരം സ്വദേശി അമീന്റെ പക്കൽ നിന്നു 13 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ ജസീലയുടെ കൂട്ടാളികളായ ജംഷീറും നജ്‌മലുമാണ് പ്രതികൾ. മരിച്ചു പോയ, ഉത്തരേന്ത്യൻ സ്വദേശികളുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ഈ കേസിൽ പ്രതികൾ പണമിടപാട് നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിമാസം 30% ലാഭം വാഗ്ദാനം ചെയ്തത് 2021 നും 2023നും ഇടയിൽ വാരം സ്വദേശിയിൽ നിന്ന് 13 കോടി രൂപ തട്ടിയെടുത്തെന്ന കേസ് കൈംബ്രാഞ്ചിനു കൈമാറിയിരുന്നു.


മൂന്നു ലക്ഷം രൂപയാണ് മരിച്ചവരുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നതിന് ബന്ധുക്കൾക്ക് ഇവർ നൽകിയിരുന്നത്. കള്ളപ്പണമോ, തട്ടിപ്പിലൂടെ സമ്പാദിച്ച പണമോ കൈമാറുന്നതിനാണ് ഇത്തരം അക്കൗണ്ടുകൾ ഉപയോഗിക്കുന്നത്. വൻതുകകളുടെ കൈമാറ്റം ശ്രദ്ധയിൽ പെട്ട് ബാങ്കുകൾ അക്കൗണ്ടുകളെ കുറിച്ച് അന്വേഷിക്കുമ്പോഴേക്കും ഇടപാടുകൾ പൂർത്തിയാക്കിയിരുന്നു. തട്ടിപ്പിനിരയായ വാരം സ്വദേശിയിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കൈപ്പറ്റിയ 13 കോടിയിൽ ഭൂരിഭാഗവും ഇത്തരത്തിൽ മരിച്ചവരുടെ അക്കൗണ്ടുകളിലാണ് നിക്ഷേപിക്കപ്പെട്ടിരുന്നത്. അക്കൗണ്ടുകളിലെ തിരിമറി അറിയാതെ ഇരകൾ നേരിട്ട് ഈ അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുകയായിരുന്നു. കേസ് വന്നാൽ മുങ്ങാൻ സൗകര്യത്തിനായിരുന്നു ഇതെന്ന് പറയപ്പെടുന്നു. മരിച്ചവരുടെ അക്കൗണ്ട് വിവരങ്ങൾ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ തരപ്പെടുത്തി തട്ടിപ്പുകാർക്ക് കൈമാറാൻ കമ്മീഷൻ വ്യവസ്ഥയിൽ ഏജന്റുമാരും പ്രവർത്തിക്കുന്നുണ്ട്.

Previous Post Next Post