മയ്യഴി :- മാഹി സെയ്ന്റ് തെരേസ ബസിലിക്ക തിരുനാളിന്റെ പ്രധാന ചടങ്ങായ ശയനപ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ചൊവ്വാഴ്ച പുലർച്ചെ രണ്ടിന് തുടങ്ങിയ ശയനപ്രദക്ഷിണം രാവിലെ ഏഴുവരെ നീണ്ടു. അർധരാത്രിമുതൽ ദേവാലയത്തിന് മുന്നിൽ ഉരുൾച്ചയിൽ പങ്കെടുക്കാൻ സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികളുടെ നീണ്ടനിരയായിരുന്നു. കോഴിക്കോട് രൂപതാ വികാരി ജനറാൾ ഡോ. ജെൻസൻ പുത്തൻ വീട്ടിലിന്റെ പ്രാർഥനയോടെയാണ് ഉരുൾച്ച തുടങ്ങിയത്.
രാവിലെ കോഴിക്കോട് രൂപതാ മെത്രാൻ ഡോ. വർഗീസ് ചക്കാലക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി നടന്നു. കണ്ണൂർ രൂപതാ നിയുക്ത സഹായ മെത്രാൻ ഡെന്നിസ് കുറുപ്പശ്ശേരി, കോഴി, ക്കോട് രൂപതാ വികാരി ജനറാൾ ഡോ. ജെൻസൻ പു ത്തൻവീട്ടിൽ, ഫെറോന വികാരി ഡോ. ജെറോം ചിങ്ങന്തറ, ഫാ. ജോസ് പുളിക്കത്തറ, ഫാ. ടോണി ഗ്രേഷ്യസ്, ഫാ. മാത്യു, എന്നിവർ സഹകാർമികരായി. വൈകുന്നേരം ബിഷപ്പിൻ്റെ അധ്യക്ഷതയിൽ മേരി മാതാ കമ്യൂണിറ്റി ഹാളിൽ സ്നേഹസംഗമവുമുണ്ടായി. രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 16-ന് വൈകിട്ട് ആറിന് ഫാ. ഡിലു റാഫേലിന്റെ കാർമികത്വത്തിൽ സാഘോഷ ദിവ്യബലി നടക്കും.