മയ്യഴി :- മാഹി സെയ്ന്റ് തെരേസ ബസിലിക്ക തിരുനാളിന്റെ രണ്ടാംദിനമായ ഞായറാഴ്ച ഭക്തജനത്തിരക്ക് പരിഗണിച്ച് രാവിലെ ഏഴുമുതൽ തുടർച്ചയായി ദിവ്യബലികൾ നടന്നു. കോഴിക്കോട് രൂപതാ വികാരി ജനറൽ ജെൻസൻ പുത്തൻവീട്ടിൽ, ഫാ. ആന്റോ, ഫാ. എ. മുത്തപ്പൻ, ഫാ. ജോസഫ് അനിൽ എന്നിവർ കാർമികത്വം വഹിച്ചു. അടിമനേർച്ചക്കും തിരുസ്വരൂപത്തിൽ മാല ചാർത്താനും മെഴുക് തിരി തെളിക്കാനും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. വൈകീട്ട് നടന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. എ.ജെ. പോൾ മുഖ്യകാർമികത്വം വഹിച്ചു. സെയ്ന്റ് ഫ്രാൻസിസ് സേവ്യർ കുടുംബയൂണിറ്റ് നേതൃത്വംനൽകി. തുടർന്ന് നൊവേനയും അമ്മത്രേസ്യ പുണ്യവതിയുടെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണവും കുർബാനയുടെ ആശീർവാദവുമുണ്ടായി.
സഹ വികാരി ഫാ. നോബിൾ ജൂഡ്, പാരിഷ് പാസ്റ്ററൽ കൗൺസിൽ, തിരുനാൾ ആഘോഷ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വംനൽകി. മൂന്നാംദിനമായ തിങ്കളാഴ്ച വൈകീട്ട് ആറിന് ചാന്ത രൂപത മെത്രാൻ എഫ്രേം നരിക്കുളത്തിന്റെ മുഖ്യകർമികത്വത്തിൽ സീറോ മലബാർ റീത്തിൽ ദിവ്യബലി അർപ്പിക്കും. 15-ന് തിരുനാൾ ദിനത്തിൽ ദിവ്യബലിക്ക് കോഴിക്കോട് രൂപതാ മെത്രാൻ ഡോ. വർഗീസ് ചക്കാലക്കൽ മുഖ്യകാർമികത്വം വഹിക്കും.