ന്യൂഡൽഹി :- നീതിനിർവഹണത്തിൻ്റെ പ്രതീകമായി കണക്കാക്കുന്ന നീതിദേവതയുടെ കണ്ണുകൾ ഇനി മുടിവയ്ക്കില്ല, തുറന്നിരിക്കും. രാജ്യത്തെ നിയമത്തിന് അന്ധതയില്ലെന്ന സന്ദേശം നല്കുന്നതിനാണ് കണ്ണുകൾ തുറക്കുന്നതിലൂടെ ലക്ഷ്യമിടുക. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിൻ്റെ നിർദേശ പ്രകാരമാണിത്. കൊളോണിയൽ കാലത്തുനിന്ന് ഭാരതീയമായ സങ്കൽപ്പങ്ങളിലേക്കു രാജ്യം മാറേണ്ടതുണ്ടെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. വാളിന് പകരം ഭരണഘടനയാകും പുതിയ നീതിദേവതയുടെ കൈകളിൽ. നിയമത്തിന് മുന്നിലെ തുല്യത പ്രകടമാക്കാനാണ് നീതിദേവതയുടെ കണ്ണുകൾ മുടിക്കെട്ടിയിരുന്നത്. ദേവിയുടെ അനീതിക്കെതിരായ അധികാര ശക്തിയെയായിരുന്നു കൈയിലേന്തിയ വാൾ പ്രതിനിധാനം ചെയ്തത്.
പരിഷ്കരിച്ച പ്രതിമ സുപ്രീംകോടതി ജഡ്‌ജിമാരുടെ ലൈബ്രറിയിൽ സ്ഥാപിച്ചു. നിയമമൊരിക്കലും അന്ധമല്ലെന്നും എല്ലാവരെയും തുല്യരായി കാണുകയാണ് ചെയ്യുന്നതെന്നുമുള്ള ദൃഢ നിശ്ചയമാണ് ചീഫ് ജസ്റ്റിസിനെ ഇത്തരത്തിൽ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്. നിയമം ഒരിക്കലും അന്ധമല്ല, എല്ലാ വരെയും തുല്യരായി കാണുന്നു. പ്രതിമയുടെ കൈയിൽ ഭരണഘടനയാണു വേണ്ടത്. വാളല്ല. അതു നീതി നടപ്പാക്കുമെന്ന സന്ദേശം നല്‌കും. വാൾ അക്രമത്തിന്റെ പ്രതീകമാണ്. കോടതികൾ നീതി വിധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന നിയമത്തിലൂടെയാണ്. അതിനാലാണ് പുതിയ പ്രതിമ സ്ഥാപിച്ചതെന്ന് ചിഫ് ജസ്റ്റിസിൻ്റെ ഓഫീസ് അറിയിച്ചു.