കണ്ണൂർ:-നഗരത്തിലെ കച്ചവട സ്ഥാപനങ്ങളിൽ നിന്നും മാലിന്യങ്ങൾ ശേഖരിച്ച് കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിലെ തണ്ടപ്പുറത്ത് ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി തള്ളിയ വ്യക്തിക്ക് പിഴ ചുമത്തി. തദ്ദേശ സ്വയം ഭരണവകുപ്പിൻ്റെ ജില്ലാ എൻഫാേഴ്സ്മെൻ്റ് സ്ക്വാഡ് ആണ് മാലിന്യനിക്ഷേപം കണ്ടെത്തി നടപടി സ്വീകരിച്ചത്.
നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നും അനുമതിയില്ലാതെ തരംതിരിക്കാത്ത ജൈവ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് ആളൊഴിഞ്ഞ സ്ഥലത്തെ റബർ തോട്ടത്തിലെ കുഴിയിൽ തള്ളിയ നിലയിലാണ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കണ്ടെത്തിയത്. മാണിയൂർ തണ്ടപ്പുറത്തെ കെ ഷമീറിന് 5000 രൂപ പിഴ ചുമത്തി തുടർനടപടി സ്വീകരിക്കുന്നതിന് പഞ്ചായത്തിന് ജില്ലാ സ്ക്വാഡ് നിർദ്ദേശം നൽകി. ഇയാൾ ഇത്തരത്തിൽ ശേഖരിക്കുന്ന മാലിന്യം അനധികൃതമായി നിർമ്മിച്ച ചൂളയിൽ കത്തിച്ചതിനെ തുടർന്ന് നേരത്തെ പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നു. തുടർന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവ ശേഖരിച്ച് തുറസ്സായ സ്ഥലത്ത് നിക്ഷേപിക്കുകയായിരുന്നു.
പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ പി സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ ആർ അജയകുമാർ, സ്ക്വാഡ് അംഗം ഷെരീകുൽ അൻസാർ, കുറ്റ്യാട്ടൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അഞ്ജന ഡി എം, ധനേഷ് പി വി, എന്നിവരും പങ്കെടുത്തു.