ജമ്മു കശ്മീർ, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഫലം നാളെ


ദില്ലി :- ജമ്മു കശ്മീർ, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഫലം നാളെ പുറത്തുവരും. രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ തുടങ്ങും. ഹരിയാനയിൽ 61 ശതമാനം പോളിംഗും, മൂന്ന് ഘട്ടങ്ങളിലായി കശ്മീരിൽ 63 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയത്. ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം അധികാരത്തിലെന്ന് ചില സർവേകൾ പ്രവചിക്കുമ്പോൾ തൂക്ക് സഭക്കുള്ള സാധ്യതയും ചില സർവേകൾ തള്ളുന്നില്ല.

ഹരിയാന പിടിക്കുമെന്ന ഉറപ്പിച്ചാണ് കോണ്‍ഗ്രസ് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം സുസ്ഥിര സർക്കാരുണ്ടാക്കുമെന്ന് ഫറൂക്ക് അബ്ദുള്ള പ്രതീക്ഷ പ്രകടിപിക്കുന്നു. പി.ഡി.പിയെ സഖ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഇന്ത്യ സഖ്യത്തിന്റെ മനസാണ് പിഡിപിയുടേതെന്നും ഫറൂക്ക് അബ്ദുള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

ഹരിയാന മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിങ് ഹൂഡ കഴിഞ്ഞ ദിവസം എഐസിസി നേതൃത്വത്തെ കണ്ട് ഹരിയാനയിലെ എക്സിറ്റ് പോൾ ഫലം ചർച്ച ചെയ്തിരുന്നു. മുഖ്യമന്ത്രി ആരാണെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലെത്തുമെന്ന പ്രവചനങ്ങൾക്ക് ശേഷം, കോൺഗ്രസിന്റെ നേട്ടത്തിന് കാരണക്കാരൻ രാഹുൽ ഗാന്ധിയാണെന്ന് ലോക്സഭാംഗം കുമാരി ഷെൽജ പറഞ്ഞു.

Previous Post Next Post