മാഹി :- മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ തിരുനാൾ കാലത്ത് മാത്രം പൊതുദർശനത്തിനു വയ്ക്കുന്ന വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം കാണാനും മാല ചാർത്താനും ആയിരങ്ങൾ ഒഴുകിയെത്തി. ബസിലിക്ക പദവി ലഭിച്ച ശേഷം നടക്കുന്ന ആദ്യ തിരുനാൾ അക്ഷരാർഥത്തിൽ ജനസാഗരമായി. തിരുനാൾ നാളെ സമാപിക്കും. രാവിലെ 10.30നു കണ്ണൂർ രൂപത വികാരി ജനറൽ മോൺ ക്ലാരൻസ് പാലിയത്ത് കുർബാനയ്ക്ക് കാർമികത്വം വഹിക്കും. ഉച്ചയോടെ അമ്മയുടെ തിരുസ്വരൂപം പൊതുവണക്കത്തിൽ നിന്ന് രഹസ്യ അറയിലേക്ക് മാറ്റും.
ഇന്നലെ രാവിലെ 7 മുതൽ വൈകിട്ട് 3 വരെ തുടർച്ചയായി കുർബാന നടന്നു. വൈകിട്ട് ജപമാല നടത്തി. മാനന്തവാടി ബിഷപ് മാർജോസ് പൊരുന്നേടത്തിൻ്റെ കാർമികത്വത്തിൽ കുർബാന അർപ്പിച്ചു. സിറോ മലബാർ റീത്തിലാണ് കുർബാന അർപ്പിച്ചത്. ഫാ.ജോഷി പെരിഞ്ചേരി, ഫാ. ജോസഫ് വാതല്ലൂർ എന്നിവർ സഹകാർമികരായി. ഇന്ന് വൈകിട്ട് 5.30നു ജപമാല. വൈകിട്ട് 6നു ഫാ. ജിജു പള്ളിപ്പറമ്പിലിന്റെ കാർമികത്വത്തിൽ കുർബാന നടക്കും.