കമ്പിൽ :- ഒക്ടോബർ 14 മുതൽ 17 വരെ കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ കേരള സ്കൂൾ കലോത്സവം സമാപിച്ചു.
460 പോയൻ്റുമായി മയ്യിൽ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ഒന്നാമതും 440 പോയൻ്റുമായി കമ്പിൽ മാപ്പിള ഹയർ സെക്കൻ്ററി സ്കൂൾ രണ്ടാം സ്ഥാനവും 419 പോയൻ്റുമായി ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സംസ്കൃതം കലോത്സവത്തിൽ രാധാകൃഷ്ണ യു പി സ്കൂൾ 90 പോയൻ്റുമായി ഒന്നാമതും കയരളം എ യു പി സ്കൂൾ രണ്ടാമതും മുല്ലക്കൊടി എ യു പി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അറബി കലോത്സവത്തിൽ 152 പോയൻറുമായി കമ്പിൽ മാപ്പിള ഹയർ സെക്കൻ്ററി സ്കൂൾ ഒന്നാമതും മയ്യിൽ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ രണ്ടാമതും ചട്ടുകപ്പാറ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
വൈകിട്ട് നടന്ന സമാപന സമ്മേളനം കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സജ്മ അധ്യക്ഷത വഹിച്ചു.
എൽ.നിസാർ,പി.വി വത്സൻ മാസ്റ്റർ, അസീസ് പാമ്പുരുത്തി, ശ്രീധരൻ സംഘമിത്ര, കെ.എം ശിവദാസൻ, കെ.രാമകൃഷ്ണൻ മാസ്റ്റർ, ടി.പി സുമേഷ്, പി.വി വേണുഗോപാലൻ, PTA വൈസ് പ്രസിഡന്റ് വിനോദ്.പി, HM ഫോറം കൺവീനർ സുരേഷ് ബാബു പി.വി , കൊളച്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
കലോത്സവ ദിനങ്ങളിൽ ഭക്ഷണം പാകം ചെയ്ത എം.പ്രകാശൻ നണിയൂരിനെ മൊമന്റോ നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു.ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ സ്വാഗതവും ഹരീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.