സംസ്ഥാനത്തെ കിണറുകളുടെയും കുളങ്ങളുടെയും സെൻസസ് എടുക്കുന്നു



തിരുവനന്തപുരം :- സംസ്ഥാനത്തെ കിണറുകളും കുളങ്ങളും ഉൾപ്പെടെയുള്ള ഭൂജല സ്രോതസ്സുകളുടെ സെൻസസ് എടുക്കുന്നു. ഭൂജലവകുപ്പാണ് കുടുംബശ്രീ പ്രവർത്തകരെ ഉപയോഗിച്ച് 'നീരുറവ സെൻസസ്' നടത്തുന്നത്. ഭൂജല സ്രോതസ്സുകളെക്കുറിച്ച് ഇത്രയും വിപുലമായ ഒരു കണക്കെടുപ്പ് സംസ്ഥാനത്ത് ആദ്യമാണ്. ലോകബാങ്കിൻ്റെ സഹായത്തോടെ 11.4 കോടി ചെലവിട്ടാണ് ആദ്യഘട്ടം. കിണറുകൾ, കുഴൽക്കിണറുകൾ, കുളങ്ങൾ, നീരുറവകൾ, കാസർകോട്ടുള്ള തുരങ്കങ്ങൾ, വയനാട് കേണികൾ എന്നിങ്ങനെ എല്ലാവിധ ഭൂജല സ്രോതസ്സുകളുടെയും സ്ഥാനം, തരം, ആഴം, ജല ലഭ്യത, ഉപയോഗം മണ്ണിന്റെഘടന തുടങ്ങിയ വിവരങ്ങളെല്ലാം ശേഖരിക്കും. വെള്ളത്തിൻ്റെ ഗുണനിലവാരം, വരൾച്ചയുണ്ടാകുന്ന സമയം, തുടങ്ങിയ വിവരങ്ങളും ശേഖരിക്കും.

ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 93 ബ്ലോക്കുകളിലാണ് സെൻസസ് നടത്തുന്നത്. പകുതിയിലേറെ ആവശ്യത്തിനും ജനങ്ങൾ ഭൂജലസ്രോതസ്സുകളെ ആശ്രയിക്കുന്ന പ്രദേശങ്ങളെയാണ് ആദ്യഘട്ടത്തിൽ സെൻസസിന് തിരഞ്ഞെടുത്തിട്ടുള്ളത്. പ്രത്യേകം പരിശീലനം നൽകിയിട്ടുള്ള കുടുംബശ്രീ പ്രവർത്തകർ വീടുകളിലെത്തി 'നീരറിവ്' എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്.

Previous Post Next Post