മേലെ ചൊവ്വ മേൽപാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നാളെ മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും


കണ്ണൂർ :- മേലെ ചൊവ്വയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി നിർമ്മിക്കുന്ന ഫ്‌ളൈ ഓവറിന്റെ നിർമ്മാണോദ്ഘാടനം നാളെ ഒക്ടോബർ രണ്ടിന് രാവിലെ 11.30ന് ചൊവ്വ റൂറൽ ബാങ്ക് പരിസരത്ത് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാവും.

സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായ കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപറേഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. കണ്ണൂർ ഭാഗത്ത് 126.57 മീറ്റർ അപ്രോച്ച്, മധ്യഭാഗത്ത് 200.53 മീറ്റർ പാലം, തലശ്ശേരി ഭാഗത്ത് 97.50 മീറ്റർ അപ്രോച്ച് ഉൾപ്പെടെ ഫ്ളൈ ഓവറിന്റെ ആകെ നീളം 424.60 മീറ്ററായിരിക്കും. ഏഴ് മീറ്റർ കരിയേജ് വേയും ഇരുവശത്തും 0.50 മീറ്റർ ഷൈ ഓഫും, 0.50 മീറ്ററും ക്രാഷ് ബാരിയറുകളും ഉൾപ്പെടെ ഫ്ളൈ ഓവറിന്റെ ആകെ വീതി ഒമ്പത് മീറ്ററാണ്. കൂടാതെ, ഇരുവശങ്ങളിലുമായി 1.5 മീറ്റർ ഡ്രെയിൻ കം ഫുട്പാത്ത് ഉൾക്കൊള്ളുന്ന ഏഴ് മീറ്റർ വീതിയോടുകൂടിയ 600 മീറ്റർ സർവീസ് റോഡും ഉൾപ്പെടുന്നു. 24 മീറ്ററാണ് സർവീസ് റോഡ് ഉൾപ്പെടെയുള്ള ഫ്‌ളൈഓവറിന്റെ ആകെ വീതി. നിലവിലുള്ള ഡിസൈൻ പ്രകാരം നാല് തൂണുകളും രണ്ട് ആബറ്റ്‌മെന്റുമാണ് പാലത്തിനു നിർദ്ദേശിച്ചിട്ടുള്ളത്. മധ്യഭാഗത്ത് 35 മീറ്റർ നീളമുള്ള ബൗസ്ട്രിംഗ് സ്പാനും ഉൾപ്പെടുത്തിയിരിക്കുന്നു.

നിലവിൽ 57.45 സെന്റ് ഭൂമിയാണ് മേൽപ്പാലത്തിനായി ഏറ്റെടുത്തിരിക്കുന്നത്. 15.43 കോടി രൂപയാണ് ഇതിനായി ചിലവാക്കിയത്. സർവീസ് റോഡിനായി 0.1615 ഹെക്ടർ സ്വകാര്യ ഭൂമിയും 0.3257 ഹെക്ടർ റോഡ് ഭൂമിയും ഉൾപ്പെടെ മൊത്തം 0.4872 ഹെക്ടർ ഭൂമി കൂടി ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന്, 44.71 കോടി രൂപയ്ക്ക് കിഫ്ബിയിൽ നിന്ന് സാമ്പത്തിക അനുമതി ലഭിച്ചു. തുടർന്ന്, എസ്റ്റിമേറ്റ് തുകയായ 31.99 കോടി രൂപയ്ക്ക് സാങ്കേതികാനുമതിയും ലഭിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡാണ് പദ്ധതിയുടെ നിർമ്മാണം നടത്തുന്നത്. പദ്ധതിയുടെ പൂർത്തീകരണ കാലയളവ് 24 മാസമാണ്. അതിൽ ആദ്യത്തെ മൂന്ന് മാസം ഡിസൈൻ അംഗീകാരത്തിനും ബാക്കി 21 മാസം നിർമ്മാണത്തിനുമാണ് മാറ്റിവച്ചിരിക്കുന്നത്.

Previous Post Next Post