CBI ചമഞ്ഞ് മോറാഴ, തളിപ്പറമ്പ് സ്വദേശികളുടെ 3.43 കോടി രൂപ തട്ടിയെടുത്തു


തളിപ്പറമ്പ്  :- സിബിഐ ഓഫിസറാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് തളിപ്പറമ്പിൽ 2 പേരിൽ നിന്നായി 3.43 കോടിയിൽ അധികം രൂപ അജ്‌ഞാതർ തട്ടിയെടുത്തു. ആന്തൂർ നഗരസഭയിലെ മോറാഴ പാളിയത്ത് വളപ്പ് കാരോത്ത് വളപ്പിൽ ഭാർഗവൻ (74), തളിപ്പറമ്പ് നഗരസഭ ഓഫിസിന് സമീപം മാങ്കൊമ്പിൽ ഡോ.ഉഷാ വി.നായർ (58) എന്നിവരാണ് തട്ടിപ്പിന് ഇരയായത്. ഭാർഗവന്റെ 3.15 കോടി രൂപയും ഉഷാ വി നായരുടെ 28 ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. വിദേശത്ത് എൻജിനീയറായിരുന്ന ഭാർഗവനെ കഴിഞ്ഞ മാസം 19 മുതൽ കഴിഞ്ഞ 3 വരെ ഫോണിൽ വിളിച്ചാണ് അജ്‌ഞാതർ തട്ടിപ്പ് നടത്തിയത്.

ഭാർഗവന്റെ ആധാർ കാർഡ് ഉപയോഗിച്ച് ആരോ സിം എടുത്ത് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നും ഭാർഗവനെയും ഭാര്യയെയും വെർച്വൽ അറസ്‌റ്റ് ചെയ്‌തായും സിബിഐ ഓഫിസർ എന്ന് പരിചയപ്പെടുത്തി വിളിച്ചവർ പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. എവിടെയും പോകാൻ പാടില്ലെന്നും ഇവരുടെ അക്കൗണ്ടിലുള്ള മുഴുവൻ പണവും സിബിഐ നിർദേശിക്കുന്ന അക്കൗണ്ടുകളിലേക്ക് അയയ്ക്കണമെന്നും പണം മുഴുവൻ പരിശോധിച്ചശേഷം കുഴപ്പമില്ലെങ്കിൽ തിരിച്ച് നൽകുമെന്നും വിളിച്ചവർ അറിയിച്ചു. ഇതനുസരിച്ച് ഇരുവരുടെയും അക്കൗണ്ടുകളിലുള്ള 3.15 കോടിയിൽ അധികം രൂപ സംഘം പറഞ്ഞ അക്കൗണ്ടുകളിലേക്ക് അയച്ചു. കൊൽക്കത്ത ബന്ധൻബൻ അഫ്സന ടൂർസ് ആൻഡ് ട്രാവൽസിന്റെ അക്കൗണ്ടിലേക്കാണ് പണം പോയത്. ഇതിൽ നിന്ന് 50,000 രൂപ വീതം 2 തവണയായി സംഘം തിരിച്ച് നൽകിയത്രേ. ബാക്കി പണം പരിശോധനയ്ക്കുശേഷം തിരിച്ച് നൽകുമെന്ന് അറിയിച്ചെങ്കിലും പിന്നീട് വിവരമൊന്നും ലഭിച്ചില്ല. തുടർന്നാണു തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയത്. 

ഡോ. ഉഷ വി.നായരെ വാട്‌സാപ്പിൽ വിളിച്ച സംഘം ഇവർ ചില കേസുകളിൽ ഉൾപ്പെട്ടതായി അറിയിച്ചു. തന്റെ പേരിൽ കേസുകളൊന്നും ഇല്ലെന്ന് പറഞ്ഞെങ്കിലും വിളിച്ചവർ സമ്മതിച്ചില്ല. കേസുകളിൽ നിന്ന് ഒഴിവാക്കണമെങ്കിൽ സംഘം പറയുന്ന അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാനും പരിശോധനയ്ക്കുശേഷം തിരിച്ചുനൽകാമെന്നും പറഞ്ഞു. തുടർന്ന് 27 മുതൽ 3 വരെയുള്ള തീയതികളിലായി 28 ലക്ഷം രൂപ അവർ പറഞ്ഞ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഹൈദരാബാദ് സഫിൽഗുഡ ശാഖയിലെ അക്കൗണ്ടിലേക്ക് അയച്ചു. പിന്നീട് വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് തട്ടിപ്പാണെന്ന് മനസ്സിലായത്

Previous Post Next Post