കണ്ണൂർ :- ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ഫണ്ട് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ ഉപരോധിച്ച് യുഡിഎഫ് അംഗങ്ങൾ. തുക അനുവദിച്ചില്ലെങ്കിൽ ജില്ലാ പഞ്ചായത്തിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്നും അംഗങ്ങൾ പറഞ്ഞു. രണ്ടു വർഷം മുൻപ് വരെ റോഡ് പ്രവൃത്തികൾക്കായി 48 കോടി രൂപവരെ നീക്കിവയ്ക്കാറുണ്ടായിരുന്നു. ഈ വർഷം ആകെ അനുവദിച്ചത് 6 കോടി രൂപയാണ്. തുക ഇല്ലാത്തതിനാൽ സ്പിൽ ഓവർ പ്രവൃത്തികളും മുടങ്ങിയിരിക്കുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടി യുഡിഎഫ് അംഗങ്ങളുടെ വാർഡുകളിൽ ഇത്തവണ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല. ഗ്രാമീണ റോഡുകൾ യഥാസമയം അറ്റകുറ്റപ്പണി നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ മരാമത്ത് സ്‌ഥിരസമിതി അധ്യക്ഷൻ രാജിവയ്ക്കണമെന്നും സമിതി പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു. പ്ലാൻ ഫണ്ടും സർക്കാർ വെട്ടിക്കുറച്ചിരിക്കുകയാണ്. ഇതു മറ്റു പ്രവൃത്തികളെയും ബാധിച്ചുവെന്നും യുഡിഎഫ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. 5 മീറ്റർ വീതിയുള്ള എല്ലാ റോഡുകളും ജില്ലാ പഞ്ചായത്തിന് കൈമാറണമെന്നും അറ്റകുറ്റപ്പണിക്ക് ഉടൻ തുക അനുവദിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരിന്റെ കയ്യിൽ പണമുണ്ടായിട്ട് തരാതിരിക്കുന്നതല്ലെന്നും 2 വർഷമായി ഫണ്ട് കിട്ടിയിട്ടില്ലെന്ന കാര്യം മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇതോടെ നിസ്സഹായാവസ്‌ഥ പറഞ്ഞ് പ്രസിഡന്റ് ഒഴിയരുതെന്നായി യുഡിഎഫ് അംഗങ്ങൾ. ജില്ലാ പഞ്ചായത്ത് യോഗത്തിൽ ഞങ്ങൾ പ്രമേയം കൊണ്ടുവരാം പ്രസിഡന്റ് പിന്താങ്ങുമോ എന്നായി ചോദ്യം. സെക്രട്ടേറിയേറ്റിനു മുന്നിലോ മുഖ്യമന്ത്രിയുടെ വീടിനു മുന്നിലോ സമരം നടത്താനും ഒരുക്കമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പങ്കുചേരണമെന്നും യുഡിഎഫ് അംഗങ്ങൾ അഭ്യർഥിച്ചു. ആവശ്യങ്ങൾ അടങ്ങിയ നിവേദനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനു കൈമാറി. ഉപരോധ സമരത്തിൽ യുഡിഎഫ് മെംബർമാരായ തോമസ് വെക്കത്താനം, എൻ.പി ശ്രീധരൻ, ജുബിലി ചാക്കോ, ലിസി ജോസഫ്, ആബിദ, കെ.താഹിറ, ടി.സി പ്രിയ എന്നിവർ പങ്കെടുത്തു.