കണ്ണൂര്‍ :- അഖില ഭാരതീയ പൂര്‍വ്വസൈനിക സേവാപരിഷത്ത് ഓള്‍ ഇന്ത്യ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗ് (രജത ജയന്തി) നവംബര്‍ 29, 30, ഡിസംബര്‍ 1 തിയ്യതികളില്‍ കണ്ണൂര്‍ പാംഗ്രൂവ് ഹെറിറ്റേജില്‍ (സിഎഫ്എന്‍ തോമസ് ചെറിയാന്‍ നഗര്‍) നടക്കും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.
ഓള്‍ ഇന്ത്യ ജനറല്‍ ബോഡി മീറ്റിംഗിന്റെ ഭാഗമായുള്ള കൊടിമര ജാഥ 28.11.2024 ന് വൈകുന്നേരം 3.00 മണിക്ക് നായാട്ടുപാറ കൊടോളിപ്രത്തെ വീരബലിദാനി നായക്ക് രതീഷിന്റെ സ്മൃതികുടീരത്തില്‍ നിന്നാരംഭിക്കും. രതീഷിന്റെ അമ്മയാണ് കൊടിമരജാഥയെ അനുഗ്രഹിച്ചയക്കുന്നത്. പൂര്‍വ്വസൈനിക സേവാപരിഷത്ത് ജില്ലാ സെക്രട്ടറി കെ.പി. അജിത്കുമാറാണ് ജാഥാ ക്യാപ്റ്റന്‍. കൂടാളിയിലും മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപവും ജാഥയ്ക്ക് സ്വീകരണം നല്‍കും. മേലെചൊവ്വ, കാള്‍ടെക്സ്, പഴയ ബസ്സ്റ്റാന്‍ഡ്, മുനീശ്വരന്‍ കോവില്‍, വിളക്കുംതറ വഴി കൊടിമര ജാഥ സമ്മേളനവേദിയില്‍ സമാപിക്കും. സ്വാഗത സംഘം ചെയര്‍മാന്‍ സി. രഘുനാഥും സംസ്ഥാന ജനറല്‍ സെക്രട്ടറി മധുവട്ടവിളയും കൊടിമരം ഏറ്റ് വാങ്ങും.
29.11.2024 ന് രാവിലെ 8.00 മണിക്ക് കണ്ണൂര്‍ യുദ്ധസ്മാരകത്തില്‍ നിന്ന് ദീപശിഖാ പ്രയാണം ആരംഭിക്കും. കേണല്‍ എം.കെ. ഗോവിന്ദന്‍ ദീപശിഖ കൈമാറുും. സംസ്ഥാന പ്രസിഡന്റ് മേജര്‍ ജനറല്‍ ഡോ. പി. വിവേകാനന്ദന്‍ സമ്മേളന നഗരിയില്‍ ദീപശിഖ ഏറ്റുവാങ്ങും. 8.30 ന് പതാക ഉയര്‍ത്തല്‍. 10 മണിക്ക് കോര്‍ കമ്മറ്റി മീറ്റിംഗ്. 3.00 മണിക്ക് മാനേജ്മെന്റ് കമ്മറ്റി മീറ്റിംഗ്.
30.11.2024 രാവിലെ 8.30 ന് ജനറല്‍ബോഡി മീറ്റിംഗ് ആരംഭിക്കും. രാവിലെ ദീപപ്രോജ്ജ്വലനം, വന്ദേമാതരം, ശ്രദ്ധാഞ്ജലി. ദേശീയ പ്രസിഡന്റ് ലഫ്റ്റനന്റ് ജനറല്‍ വി.കെ ചതുര്‍വേദി പിവിഎസ്എം, എവിഎസ്എം, എസ്എം (റിട്ട) കോര്‍ കമ്മറ്റി മീറ്റിംഗില്‍ അധ്യക്ഷത വഹിക്കും. 12 മണിക്ക് നടക്കുന്ന രണ്ടാമത് സെഷനില്‍ കേരള സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 12.30 ന് ഡോക്യുമെന്ററി പ്രസന്റേഷന്‍. വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന മൂന്നാമത് സെഷനില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണങ്ങള്‍. അഞ്ച് മണിക്ക് വിവിധ വിഷയങ്ങളില്‍ ചര്‍ച്ച. ഏഴ് മണിക്ക് കള്‍ച്ചറല്‍ പ്രോഗ്രാം-കഥകളി, തിരുവാതിര, കളരി അഭ്യാസങ്ങള്‍, നൃത്തനൃത്യങ്ങള്‍ എന്നിവർ നടക്കും.
ഡിസംബര്‍ ഒന്നിന് രാവിലെ 8.30 ന് സംഘടനാ ചര്‍ച്ചകള്‍. തുടര്‍ന്ന് മാതാപേരാമ്പ്ര അവതരിപ്പിക്കുന്ന സ്വാതന്ത്ര്യാനന്തര ഭാരത ചരിത്ര ദൃശ്യാവിഷാകാരം 'അമൃതഭാരതം. 11.00 മണിക്ക് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സമ്മേളനത്തെ അഭിസംബോധന ചെയ്യും.