തിരുവനന്തപുരം :- ആയുഷ്‌മാൻ ഭാരത് പദ്ധതി പ്രകാരം, 70 വയസ്സു കഴിഞ്ഞവർക്കുള്ള 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ കേരളത്തിൽ 26 ലക്ഷം പേർക്കു ലഭിക്കും. ജനസംഖ്യാ വിശദാംശങ്ങൾ പരിശോധിച്ചാണു കേന്ദ്രം എണ്ണം നിശ്ചയിച്ചത്. ഇത്രയും പേരുടെ ചികിത്സച്ചെലവിൽ 60% കേന്ദ്രവും 40% കേരളവും വഹിക്കും. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കു നൽകിയ കത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കണക്കും ചെലവും വ്യക്തമാക്കിയത്. എന്നാൽ പദ്ധതി നടപ്പാക്കേണ്ട രീതിയെക്കുറിച്ചു കേന്ദ്രം ഇതുവരെ സംസ്‌ഥാനത്തോടു വിശദീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ വൈകാതെ തീരുമാനമാകുമെന്ന് അറിയിച്ചിട്ടുണ്ട്. ആയുഷ്‌മാൻ ഭാരത് പദ്ധതിയെ കേരളത്തിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്) ലയിപ്പിച്ചാണു നടപ്പാക്കുന്നത്.
സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്നവർക്കാണ് ഇതുവഴി സൗജന്യ ചികിത്സ നൽകുന്നത്. ഇനി 70 വയസ്സു കഴിഞ്ഞ എല്ലാവരെയും കാസിൽ ഉൾപ്പെടുത്തും. 70 കഴിഞ്ഞ 26 ലക്ഷം പേർ 20 ലക്ഷം കുടുംബങ്ങളിലെ അംഗങ്ങളാണ്. ഇവരിൽ 9 ലക്ഷം പേർ ഉൾപ്പെടുന്ന കുടുംബങ്ങൾക്കു നിലവിൽ കാസ‌് വഴി 5 ലക്ഷം രൂപയുടെ ചികിത്സാ സൗജന്യം ഉണ്ട്. കുടുംബങ്ങൾക്കുള്ള ഈ സൗജന്യം തുടരുന്നതിനൊപ്പം 70 കഴിഞ്ഞവർക്ക് ഇനി അധികമായി 5 ലക്ഷം രൂപയുടെ കവറേജ് കൂടി ലഭിക്കും.
സാമ്പത്തിക, സാമൂഹിക സ്‌ഥിതി നോക്കാതെ 70 കഴിഞ്ഞ എല്ലാവരെയും പദ്ധതിയുടെ ഭാഗമാക്കും. എന്നാൽ കേന്ദ്രം കണക്കാക്കിയിരിക്കുന്ന വാർഷിക ചെലവ് ഉയർത്തണമെന്ന നിലപാടിലാണു കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ. ഇപ്പോൾ 1050 രൂപയാണ് ഒരു കുടുംബത്തിന്റെ വാർഷിക പ്രീമിയമായി കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളുടെ കണക്കനുസരിച്ചു വർഷം 4000 രൂപവരെ പ്രീമിയമായി വേണ്ടിവരും. ഈ തുകയുടെ 60% കേന്ദ്രം അനുവദിക്കണമെന്നാണു സംസ്‌ഥാനങ്ങളുടെ ആവശ്യം.