ഇന്ത്യൻ ഭരണഘടനയ്ക്ക് ഇന്ന് 75 വയസ്സ് ; വിപുലമായ ആഘോഷങ്ങളുമായി രാജ്യം


ദില്ലി :- ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ അത്ഭുതമായ ഇന്ത്യൻ ഭരണഘടനയ്ക്ക് ഇന്ന് 75 വയസ്. വിശ്വാസ വൈവിധ്യംകൊണ്ട് ആരെയും അത്ഭുതപ്പെടുത്തുന്ന ഇന്ത്യ എന്ന മഹാരാജ്യത്തെ ഒറ്റ കുടക്കീഴിൽ നിലനിർത്തുന്ന ശക്തിയായി ഭരണഘടന നിലകൊള്ളുന്നു. 1946 ഡിസംബർ 9 -ന് തുടങ്ങി, 2 വർഷവും 11മാസവും 17 ദിവസവും എടുത്താണ് നമ്മുടെ ഭരണഘടനയുടെ കരട് തയ്യാറാക്കിയത്.

പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ 165 ദിവസങ്ങളിലായി നടന്ന ചർച്ചകളിൽ 2473 ഭേദഗതികളോടെ ഭരണഘടന അതിന്റെ അന്തിമ രൂപത്തിലേക്ക് മിനുക്കിയെഴുതി. ഇറ്റാലിയൻ കാലിഗ്രഫിയിൽ പ്രേം ബിഹാരി നാരായൺ റായിസാദയുടെ കൈപ്പടയിലായിരുന്നു അതിന്റെ ആദ്യ കോപ്പി. 51 ദിവസം തുടർച്ചയായി എഴുതി പൂർത്തീകരിച്ച ഈ കയ്യെഴുത്തു പ്രതിയുടെ പേജുകളിൽ അലങ്കാരപ്പണികൾ ചെയ്തത് ശാന്തിനികേതനിലെ പ്രൊഫസറായ നന്ദലാൽ ബോസും ശിഷ്യരും ചേർന്നാണ്.

ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ റിപ്പബ്ലിക്കായി വിഭാവനം ചെയ്യുന്നു" എന്ന് തുടങ്ങുന്ന ഭരണഘടനയുടെ ആമുഖം ഏറെ പ്രസിദ്ധമാണ്. മതത്തിന്റെയും ജാതിയുടെയും ഭാഷയുടേയും വൈവിധ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ടുള്ള സങ്കല്പനമാണ് നമ്മുടെ ഭരണഘടനയുടെ ഏറ്റവും വലിയ ശക്തി. ഓരോ പൗരന്റെയും അവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്നതോടൊപ്പം ഭരണഘടന നമ്മെ നമ്മുടെ ചുമതലകളെക്കുറിച്ചും ഓർമിപ്പിക്കുന്നു. നമ്മുടെ നിത്യജീവിതത്തിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന ജനാധിപത്യ വിരുദ്ധ ശക്തികൾക്ക് മുന്നിൽ വെല്ലുവിളിയായി നിലനിൽക്കുന്ന ഒരേയൊരു ശക്തിയും ഇതേ ഭരണഘടന തന്നെ. എന്തുവിലകൊടുത്തും മൂല്യങ്ങളെ സംരക്ഷിക്കേണ്ടതുണ്ട് എന്ന ഓർമപ്പെടുത്തലാണ്, ഓരോ ഭരണഘടനാ ദിവസവും നമുക്ക് മുന്നിൽ വെക്കുന്നത്.

വൈകുന്നേരം നാല് മണിക്ക് സുപ്രീംകോടതിയില്‍ നടക്കുന്ന ഭരണഘടന ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകും.

Previous Post Next Post