പാപ്പിനിശ്ശേരി :- കണ്ണൂർ ബൈപാസിന്റെ തിരക്കേറിയ പ്രവേശന കവാടമായി പാപ്പിനിശ്ശേരി ജങ്ഷൻ മാറും. 26 മീറ്റർ വീതിയും 5.50 മീറ്റർ ഉയരവുമുള്ള വീതിയേറിയ അടിപ്പാതയുടെ നിർമാണം പുരോഗമിക്കുന്നു. ദേശീയപാതയുടെ ഇരുഭാഗത്തേക്കും വാഹനങ്ങൾക്ക് കയറിയിറങ്ങാനും കണ്ണൂർ നഗരത്തിലേക്കുള്ള വാഹനങ്ങൾക്ക് പഴയ ദേശീയപാതയിലേക്ക് ഇറങ്ങിപ്പോകാനുള്ള സൗകര്യവും ഇവിടെ ഒരുക്കും. ഇതോടെ വേളാപുരം അമലോദ്ഭവമാതാ പള്ളിയുടെയും പാപ്പിനിശ്ശേരി സഹകരണ ബാങ്കിന്റെയും ഇടയിൽ നിർമിക്കുന്ന പുതിയ അടിപ്പാത ദേശീയപാതയിലെ പ്രധാന ട്രാഫിക് ജംക്‌ഷനായി മാറും. തൂണുകളിൽ ക്രെയിൻ ഉപയോഗിച്ചു ബീമും സ്പാനുകളും സ്‌ഥാപിക്കുന്ന ജോലി നടക്കുന്നുണ്ട്.
പാപ്പിനിശ്ശേരിയിൽ നിന്നു തുരുത്തി വഴി വളപട്ടണം പുഴയിലെ പുതിയ പാലം വഴിയാണ് കണ്ണൂർ ബൈപാസ് കടന്നുപോകുന്നത്. ഇതിനായി 727 മീറ്റർ നീളത്തിൽ തുരുത്തി-കോട്ടക്കുന്ന് പാലത്തിന്റെ നിർമാണവും പുരോഗമിക്കുന്നു. പുതിയതെരു കാട്ടാമ്പള്ളി റോഡിന് കുറുകെ 15 മീറ്റർ വീതിയിൽ വെഹിക്കിൾ ഓവർപാസ് നിർമാണവും നടക്കുന്നുണ്ട്. ബൈപാസ് യാഥാർഥ്യകുന്നതോടെ പുതിയതെരു, വളപട്ടണം പാലം, കണ്ണൂർ നഗരം, ചൊവ്വ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും. അടിപ്പാത ആവശ്യപ്പെട്ടു നാട്ടുകാർ പ്രക്ഷോഭം തുടരുന്ന വേളാപുരം ജംക്ഷനിൽ നിന്നു 100 മീറ്റർ മാറിയാണു പുതിയ അടിപ്പാത നിർമിക്കുന്നത്. ഇവിടെ നിന്ന് അനുബന്ധ റോഡുകളിലേക്ക് പ്രവേശനം സാധ്യമാകുമെന്നാണ് ദേശീയപാത അധിക്യതരുടെ വാദം. ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന വിശ്വസമുദ്ര ഗ്രൂപ്പിനാണ് കണ്ണൂർ ബൈപാസിന്റെ നിർമാണച്ചുമതല.