ശബരിമല :- ശബരിമല സന്നിധിയിൽ ഇന്ന് പന്ത്രണ്ട് വിളക്ക്. ദർശനത്തിനു മലയാളികൾ ഏറെ എത്തുന്നത് പന്ത്രണ്ട് വിളക്കിനു ശേഷമാണ്. ഇന്ന് ഉച്ചയ്ക്ക് വഴിപാടായി അങ്കി ചാർത്തുണ്ട്. വൈകിട്ട് ദീപാരാധനയ്ക്കു ശേഷം പുഷ്പാഭിഷേകവും ഉണ്ട്.
ശബരിമലയിൽ ഇന്നലെയും തീർഥാടകരുടെ നല്ല തിരക്ക് അനുഭവപ്പെട്ടു. വലിയ നടപ്പന്തലും പിന്നിട്ട് ശരംകുത്തി ഭാഗത്തേക്ക് ഭക്തരുടെ നിര നീണ്ടു. വൈകിട്ട് 5 വരെയുള്ള കണക്കനുസരിച്ച് 65,515 പേർ പമ്പയിൽ നിന്നു മലകയറി. അതിൽ 10,713 പേർ സ്പോട്ബുക്കിങ് വഴിയാണ് എത്തിയത്. 4 മണിക്കൂർ വരെ കാത്തുനിന്നാണ് തീർഥാടകർ പതിനെട്ടാംപടി കയറിയത്.
ഒന്നാം ഘട്ടത്തിൽ ഉണ്ടായിരുന്ന പൊലീസ് മാറി. പുതിയ സംഘത്തിന്റെ പരിചയക്കുറവ് പടി കയറ്റത്തെ ചെറുതായി ബാധിച്ചിട്ടുണ്ട്. സന്നിധാനത്തും പമ്പയിലും വൈകിട്ട് പെയ്ത ചാറ്റൽ മഴ തീർഥാടകരെ ബുദ്ധിമുട്ടിലാക്കി. തീർഥാടകർക്കായി ജില്ലാ ഭരണകൂടം ഒരുക്കിയ വാട്സാപ്പ് 'സ്വാമീസ് ചാറ്റ് ബോട്ട്' സുപ്പർ ഹിറ്റായി. ഇംഗ്ലിഷ്, ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി 6 ഭാഷകളിൽ തയാറാക്കിയ 'സ്വാമീസ് ചാറ്റ് ബോട്ട്' നൂറുകണക്കിനു ഭക്തരാണു പ്രയോജനപ്പെടുത്തുന്നത്. 62380 08000 എന്ന നമ്പറിൽ സന്ദേശം അയച്ചും ക്യുആർ കോഡ് സ്കാൻ ചെയ്തും വിവരങ്ങൾ അറിയാം.