മയ്യിൽ :- രക്താർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന പുതുശ്ശേരി പൂക്കോട്ടെ 20 വയസ്സ്കാരി ഫിദ ഷെറിൻ്റെ ജീവൻ കാക്കാൻ ചാലോട് - മയ്യിൽ - കണ്ണൂർ ആസ്പത്രി റൂട്ടിൽ സർവീസ് നടത്തുന്ന മേഴ്സി ഹോളിഡെയ്‌സിന്റെ ആറ് ബസുകൾ ബുധനാഴ്ച കാരുണ്യ യാത്ര നടത്തി. മേഴ്സി, ബ്ലെസ്, സിന്ദഗി, അർമ, ബെൻസി, ഗ്രാന്റിസ് തുടങ്ങിയ ബസുകളാണ് കാരുണ്യ യാത്ര നടത്തിയത്.
അടിയന്തരമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഫിദയെ ചികിത്സിക്കുന്ന കോടിയേരി കാൻസർ സെൻ്ററിലെ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതിനായുള്ള 25 ലക്ഷം രൂപ സമാഹരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ബസുകൾ കാരുണ്യയാത്ര നടത്തിയത്.
സന്തോഷ് ട്രോഫി മുൻ താരം പി.ശശി ഫ്ലാഗ് ഓഫ് ചെയ്തു. ശാദുലി മയ്യിൽ അധ്യക്ഷത വഹിച്ചു. ഡ്രൈവർ അനീഷ് എട്ടേയാർ, അയനത്ത് രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. മയ്യിൽ എസ്.ഐ മനീഷ്, സി.പി.എം മയ്യിൽ ഏരിയ സെക്രട്ടറി എൻ.അനിൽകുമാർ എന്നിവർ മറ്റ് സ്ഥലങ്ങളിൽ ഫ്ലാഗ് ഓഫ് നടത്തി.