തളിപ്പറമ്പ് :- തുടർച്ചാനുമതി നൽകാത്തതിനെ തുടർന്ന് അടച്ച് പൂട്ടിയ തളിപ്പറമ്പിലെ റെയിൽവേ ടിക്കറ്റ് റിസർവേഷൻ കൗണ്ടർ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ അനുമതിയായി. 2025 ജനുവരി ഒന്ന് വരെ കൗണ്ടർ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയതായി റെയിൽവേ പാലക്കാട് ഡിവിഷനൽ മാനേജർ തളിപ്പറമ്പ് തഹസിൽദാരെ അറിയിച്ചു. കാലാവധി പൂർത്തിയായതിനെ തുടർന്ന് 31 മുതൽ കൗണ്ടർ അടച്ചിടേണ്ടി വന്നത് മലയോര നിവാസികൾ ഉൾപ്പെടെയുള്ളവരെ ദുരിതത്തിലാക്കിയിരുന്നു. തുടർന്ന് എൻജിഒ അസോസിയേഷൻ ബ്രാഞ്ച് കമ്മിറ്റി നൽകിയ പരാതിയുടെയും മാധ്യമ വാർത്തകളുടെയും അടിസ്ഥാനത്തിൽ കെ.സുധാകരൻ എംപി റെയിൽവേ മന്ത്രിയുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കൗണ്ടർ വീണ്ടും തുറക്കാൻ അനുമതി നൽകിയത്.3 മാസത്തേക്കാണ് ഇത്തവണയും തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചത്.
റെയിൽവേ സ്റ്റേഷന് പുറത്ത് പ്രവർത്തിക്കുന്ന റെയിൽവേയുടെ ടിക്കറ്റ് റിസർവേഷൻ കൗണ്ടർ തുടർന്ന് പ്രവർത്തിക്കണമെങ്കിൽ ഒരു ദിവസം 100 ടിക്കറ്റുകളെങ്കിലും ചെലവാകണമെന്ന് വ്യവസ്ഥ. തളിപ്പറമ്പിലെ ടിക്കറ്റ് കൗണ്ടർ അടച്ചുപുട്ടിയതിനെതിരെ മലയോര നിവാസികൾക്ക് വേണ്ടി പൈതൽമല സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ രാജു കൊന്നക്കലിന്റെ നേതൃത്വത്തിൽ പാലക്കാട് റെയിൽവേ ഡിവിഷനൽ മാനേജർക്ക് പരാതി നൽകിയപ്പോഴാണ് ഈ വ്യവസ്ഥ അറിയിച്ചത്. ഇത്തരത്തിൽ പ്രതിദിനം 100 ടി ക്കറ്റുകൾ തികയാത്ത റിസർവേഷൻ കൗണ്ടറുകൾ അടച്ച് പൂട്ടാനാണത്രെ റെയിൽവേ അധികൃതരുടെ നിർദേശം.
തത്കാൽ ടിക്കറ്റുകൾ എടുക്കാനാണ് മിക്കവരും തളിപ്പറമ്പിലെ റിസർവേഷൻ കൗണ്ടറുമായി ബന്ധപ്പെടുന്നത്. മറ്റുള്ള ടിക്കറ്റുകൾ ഓൺലൈനിൽ എടുക്കുകയും തത്ക്കാലിന് മാത്രമായി ടിക്കറ്റ് റിസർവേഷൻ കൗണ്ടറിനെ ആശ്രയിക്കുകയുമാണ് ചെയ്യുന്നത്. ഇതിന് പകരമായി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ടിക്കറ്റിനായി താലൂക്ക് ഓഫിസ് കോംപൗണ്ടിലുള്ള റിസർവേഷൻ കൗണ്ടറിനെ ആശ്രയിക്കണമെന്ന് അധികൃതർ അറിയിച്ചു. അല്ലാത്തപക്ഷം 3 മാസം കഴിയുമ്പോൾ അടുത്ത തവണ തുടർച്ചാ അനുമതി ലഭിക്കുന്നത് വീണ്ടും പ്രശ്നമായേക്കാമെന്നും അധികൃതർ പറഞ്ഞു.