കണ്ണൂർ :- സംസ്ഥാനത്ത് വൻ മോഷണ സംഘങ്ങൾ സൃഷ്ടിക്കുന്ന ഭീതി അവസാനിപ്പിക്കുന്നതിന് കർശനവും പ്രായോഗികവും ഫലപ്രദവുമായ നടപടികൾ സ്വീകരിച്ച് സമാധാന ജീവിതം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജൂനാഥ്. സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഡിസംബർ 18 ന് കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
വളപട്ടണത്ത് നടന്ന വൻ മോഷണത്തിന്റെ പശ്ചാത്തലത്തിൽ പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വൻ മോഷണ സംഘങ്ങൾ വല്ലാത്ത ഭീതി സൃഷ്ടിക്കുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ജീവനും സ്വത്തിനും ഭീഷണിയാവുന്ന മോഷണങ്ങളുടെ എണ്ണം പെരുകുന്നു. നിയമ സമാധാനത്തിന് വെല്ലുവിളി നേരിടുന്ന സംഭവങ്ങളാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. പൊതു ജനങ്ങൾക്ക് ഭയരഹിതമായി ജീവിക്കാൻ കഴിയുന്ന സാഹചര്യം പോലീസ് സംജാതമാക്കണമെന്ന് ഉത്തരവിൽ പറഞ്ഞു.