കണ്ണൂർ :- കോർപ്പറേഷൻ പരിധിയിൽ വർധിച്ചുവരുന്ന തെരുവ് കച്ചവടക്കാരെ നിയന്ത്രിക്കുമെന്ന് മേയർ മുസ്‌ലിഹ് മഠത്തിൽ വ്യക്തമാക്കി. അനധികൃത ബങ്കുകളും തെരുവുകച്ചവടവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. മാരകരോഗങ്ങളും പകർച്ചവ്യാധികളും പടരുന്ന സാഹചര്യത്തിൽ ഒരു സുരക്ഷ മാനദണ്ഡവും പാലിക്കാതെ വൃത്തിഹീനമായ രീതിയിൽ തട്ടുകടകളടക്കം പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ സമീപത്തെ ഓടകളിൽ തള്ളുന്നതായും പരാതിയുണ്ട്.
ജീവനോപാധി എന്ന നിലയിലാണ് പല ബങ്കുകളും അനുവദിച്ചതെങ്കിലും ഒരാളുടെ കീഴിൽ തന്നെ ഒന്നിലധികം ബങ്കുകൾ നിലവിലുണ്ട്. ഇങ്ങനെയുള്ള ബങ്കുകൾ മറുനാടൻ തൊഴിലാളികളെ വെച്ച് കച്ചവടം നടത്തുകയാണ്. കാൽനടയാത്രകാർക്കും ഗതാഗതത്തിനും തടസ്സമാകുന്ന രീതിയിലുള്ള സ്ഥാപനങ്ങൾ നീക്കുന്നതിനും അർഹരെ വെൻഡിങ് സോണുകൾ നിശ്ചയിച്ച് പുനരധിവസിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി മേയർ പി.ഇന്ദിര, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.കെ രാഗേഷ്, എം.പി രാജേഷ്, വി.കെ ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, മുൻ മേയർ ടി.ഒ മോഹനൻ, ടി.രവീന്ദ്രൻ, എൻ.ഉഷ, കെ.പി സുധാകരൻ, കോർപ്പറേഷൻ സെക്രട്ടറി ടി.ജി അജേഷ് എന്നിവർ സംസാരിച്ചു.