ന്യൂഡൽഹി :- പാർലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ഡിസംബർ 22 വരെ നീളുന്ന ശീതകാല സമ്മേളനത്തിൽ ക്രിമിനൽ നിയമങ്ങളുടെ പരിഷ്കാരം ഉൾപ്പെടെ നിർണായകമായ 18 ബില്ലുകളാണ് കേന്ദ്രസർക്കാർ അവതരിപ്പിക്കുക. ലോക്സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ ബുള്ളറ്റിനിൽ 18 ബില്ലുകളും പട്ടികപ്പെടുത്തിയിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്നതിനുള്ള നിയമനിർമ്മാണവും ശീതകാല സമ്മേളനത്തിൽ ഉണ്ടാകുമെന്ന് ബുള്ളറ്റിൻ പറയുന്നു. സുപ്രീം കോടതി വിധിയെ തുടർന്നാണ് ഈ നിയമം കൊണ്ടുവരുന്നത്. പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷനേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയാകണം തിരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കേണ്ടത് എന്നായിരുന്നു സുപ്രീം കോടതി വിധി.
എന്നാൽ രാജ്യസഭയിൽ അവതരിപ്പിച്ച ബില്ലിൽ സമിതിയിൽനിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുകയും പകരം പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി മറികടക്കാനായാണ് കേന്ദ്രം ബിൽ ഈ രീതിയിൽ അവതരിപ്പിച്ചത്. ജമ്മു കശ്മീർ നിയമസഭയിലെ അംഗങ്ങളുടെ എണ്ണം 107-ൽ നിന്ന് 114 ആയി ഉയർത്തുന്ന ബില്ലാണ് മറ്റൊന്ന്. കശ്മീരി കുടിയേറ്റക്കാർക്കും പാക് അധീന കശ്മീരിൽനിന്ന് കുടിയിറക്കപ്പെട്ടവർക്കും പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്കും പ്രാതിനിധ്യം നൽകാനാണ് ഇതെന്നാണ് വിശദീകരണം