മയ്യിൽ :- ചെറുതും വലുതുമായ ഒട്ടേറെ വാഹനങ്ങൾ ഇടതടവില്ലാതെ തലങ്ങും വിലങ്ങും ചീറിപ്പായുന്ന മയ്യിൽ പഴയ ആസ്പത്രിക്കു സമീപം സമീപത്തായി റോഡിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ നിലകൊള്ളുന്ന വൻ കുഴി അപകടഭീഷണിയായി തീരുന്നു. മയ്യിൽ- പുതിയതെരു റോഡിൽ പഴയ ആസ്പത്രിക്കു സമീപം കവിളിയോട്ട് ചാൽ റോഡ് തിരിയുന്ന ഭാഗത്താണ് കുഴിയെടുത്തത്.
റോഡിനു കുറുകെ കടന്നു പോകുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പിന്റെ ചോർച്ച തടയാൻ അരികിൽ നിന്ന് റോഡിൻ്റെ മധ്യ ഭാഗവും കടന്ന് കുഴിയെടുത്തത്. ഒരു വാഹനത്തിനു കടന്നുപോകാൻ മാത്രം സൗകര്യമുള്ള ഭാഗത്തുടെയാണ് ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ നിലവിൽ കടന്നു പോകുന്നത്. ദിവസങ്ങൾക്കു മുൻപാണ് പണികൾക്ക് തുടക്കമായത്.ദിവസങ്ങൾ പിന്നിട്ടിട്ടും പണികൾ തീർക്കാൻ കഴിഞ്ഞില്ല. മാത്രമല്ല റോഡിൽ പ്രവൃത്തികൾ നടക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാനോ ബന്ധപ്പെട്ട അധികൃതർ തയാറായില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
സമീപത്ത് റോഡ് പണികൾ നടക്കുന്ന സമയത്ത് പണി കരാറെടുത്ത കമ്പനി വച്ച വാഹനങ്ങൾ പതുക്കെ കടന്നു പോകുക എന്ന ബോർഡ് കുഴിയുടെ ഒരു ഭാഗത്തും, മറുഭാഗത്ത് ആളുടെ കണ്ണിൽ പെടാത്ത നിലയിലുള്ള ചുവന്ന റിബൺ കെട്ടുക മാത്രമാണ് ഇവിടെ ആകെയുള്ള സുരക്ഷ ക്രമീകരണങ്ങൾ.നിലവിൽ ബോർഡും എടുത്തുമാറ്റിയ നിലയിലാണ്.
ജൽ ജീവൻ പദ്ധതിക്കായാണ് പൈപ്പ് ലൈൻ പ്രവൃത്തി നടത്തിയിരുന്നത്. റോഡിനു കുറുകെ കുഴിയെടുത്ത് ദീർഘകാലം ഗതാഗത തടസ്സം സൃഷ്ടിച്ചതിനെതിരേ ഇരുചക്ര വാഹനയാത്രക്കാരുൾപ്പെടെ പ്രതിഷേധത്തിലാണ്.
.