കുറ്റ്യാട്ടൂർ :- KPC ഹൈസ്കൂൾ പട്ടാന്നൂർ 1982 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുറ്റ്യാട്ടൂരിന്റെ ഗ്രാമാന്തരങ്ങളിലൂടെ സായാഹ്ന യാത്ര സംഘടിപ്പിച്ചു. ഗ്രാമവിശുദ്ധിയില്‍ വയല്‍ വരമ്പിലൂടെ കുറ്റ്യാട്ടൂരിന്റെ സാംസ്കാരിക പൈതൃകളും, ചരിത്രങ്ങളും, കൃഷിയിടങ്ങളും തേടി നാടന്‍പാട്ടിന്റെ ഈരടികളേറ്റു പാടിയായിരുന്നു കൂട്ടായ്മയുടെ പൈതൃകയാത്ര.
കൂട്ടായ്മ നടപ്പിലാക്കുന്ന നാലാമത് പൈതൃക യാത്രയാണ് ഞായറാഴ്ച കുറ്റിയാട്ടൂരിന്റെ മണ്ണിലൂടെ കടന്നുപോയത്. ഗ്രാമവിശുദ്ധിയിൽ ഒരുകാലത്ത് കൃഷിയിടങ്ങൾ ചെലുത്തിയ പങ്കും അത് നഷ്ടമാകുന്നിടങ്ങളിൽ വേരറ്റുപോകുന്ന നമ്മുടെ സംസ്കാരവും പൈതൃകവും കണ്ടറിഞ്ഞുള്ള യാത്രയിൽ 50ലേറെ പേർ അണിചേര്‍ന്നു. കുറ്റിയാട്ടൂർ ബസാറിൽ നിന്നും റിട്ട. അധ്യാപകനും പൊതുപ്രവർത്തകനും പൊതുജന ഗ്രന്ഥശാല സെക്രട്ടറിയുമായ എ. പ്രഭാകരൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
ചിറക്കിത്തല വയൽ, പൊയോളം കുളം, കുറ്റിയാട്ടൂർ ശിവക്ഷേത്രം കൂടാതെ ഏതാനും സഹപാഠികളുടെ വീട്ടു സന്ദർശനവും കഴിഞ്ഞ് നാലു മണിക്കൂർ നീണ്ട യാത്ര സന്ധ്യയോടെ രമേഷ് അരിയേരിയുടെ വീട്ടിൽ സമാപിച്ചു. തുടര്‍ന്ന് ആർട്ട് ഓഫ് ലിവിങ് സീനിയർ ടീച്ചർ വിനോദ് അരിയേരി ഇത്തരം യാത്രകളിലൂടെ നാം കൈവരിക്കുന്ന " ശാരീരികവും മാനസികവുമായ നേട്ടങ്ങൾ " എന്ന വിഷയത്തിൽ ക്ലാസെടുത്തു. കൂട്ടായ്മ ഭാരവാഹികളായ കെ.കെ. സുരേന്ദ്രൻ, കെ.സി. പവിത്രൻ, കെ സി രാജീവൻ, രമേഷ് അരിയേരി, ഗംഗാധരൻ തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.