കണ്ണൂർ :- അർധവാർഷിക പരീക്ഷ 11-ന് തുടങ്ങാനിരിക്കെ, ജില്ലയിലെ രണ്ടാം ഭാഗം പാഠപുസ്തകവിതരണം ഇതുവരെ പൂർത്തിയായില്ല. ഒട്ടേറെ വിദ്യാലയങ്ങളിൽ ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ മാസങ്ങൾ കഴിഞ്ഞിട്ടും പൂർണമായും ലഭിച്ചിട്ടില്ല. പാഠപുസ്തകം കാണാതെ പരീക്ഷ എഴുതേണ്ട അവസ്ഥയിലാണ് വിദ്യാർഥികൾ. മൂന്ന് ഭാഗങ്ങളിലാണ് ഇപ്പോൾ പാഠപുസ്തകം തയ്യാറാക്കുന്നത്. ഒരോ ടേമിലും ഒരോ ഭാഗം പാഠപുസ്തകങ്ങൾ സ്കൂളുകളിലെത്തിക്കുകയാണ് ചെയ്യുന്നത്. ആവശ്യമായ പുസ്തകങ്ങളുടെ എണ്ണം മാസങ്ങൾക്ക് മുൻപുതന്നെ അറിയിക്കണം. 2025-26 വർഷത്തേക്ക് ഓരോ വിദ്യാലയത്തിനും ആവശ്യമായ പാഠപുസ്തകങ്ങളുടെ എണ്ണം സമർപ്പിക്കാനുള്ള സമയമാണിത്.
വളരെ നേരത്തേ എണ്ണം അറിയിച്ചിട്ടും പാഠപുസ്തകങ്ങൾ എത്തിക്കാൻ കഴിയാത്തതിൽ വിദ്യാലയങ്ങളിൽ വ്യാപക പ്രതിഷേധമുണ്ട്. ഈ വർഷം ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളിലെ പാഠപുസ്തകങ്ങൾ മാറിയിരുന്നു. മാറിയ പുസ്തകങ്ങളും രണ്ട്, നാല്, ആറ് ക്ലാസുകളിലെ പഴയ പുസ്തകങ്ങളും വിദ്യാർഥികൾക്ക് ലഭിക്കാനുണ്ട്. പഴയ പുസ്തകങ്ങളുടെ അച്ചടി അവസാനിപ്പിച്ചതോടെ മറ്റ് സ്ഥലങ്ങളിൽ ബാക്കിയായ പുസ്തകങ്ങൾ തിരികെ വാങ്ങി വിതരണം ചെയ്യുകയേ നിവൃത്തിയുള്ളൂ. ആദ്യത്തെ തവണ പാഠപുസ്തക ങ്ങൾ വിദ്യാലയങ്ങളിലെത്തിച്ച ശേഷം ബാക്കി ആവശ്യമാ യവ ഓരോ ഉപജില്ലകൾ കേന്ദ്രീകരിച്ച് പരസ്പരം കൈമാറാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, കുറച്ചു പുസ്തകങ്ങൾ ലഭിച്ചെങ്കിലും ഒട്ടേറെ വിദ്യാലയങ്ങൾക്ക് ആവശ്യത്തിനുള്ള മുഴുവൻ പുസ്തകങ്ങളും ലഭിച്ചിട്ടില്ല. നിരവധി തവണ വിദ്യാഭ്യാസ മേലധികാരികളോട് പാഠപുസ്തകങ്ങൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായില്ല.
അതേസമയം ഇൻഡന്റ് പ്ര കാരം ആവശ്യപ്പെട്ട മുഴുവൻ പാഠപുസ്തകങ്ങളും വിതരണം ചെയ്തിട്ടുണ്ടെന്നാണ് വിദ്യാ ഭ്യാസ മേലധികാരികൾ അറി യിക്കുന്നത്.