ശബരിമല :- മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിൽ സ്ലോട്ട് അവശേഷിക്കുന്നത് ഇനി മൂന്നുദിവസം മാത്രം. മകരവിളക്ക് കഴിഞ്ഞുള്ള ജനുവരി 16 വരെ ബുക്കിങ് പൂർത്തിയായിക്കഴിഞ്ഞു. നട അടയ്ക്കുന്നതിനു തൊട്ടുമുൻപുള്ള ജനുവരി 17, 18, 19 തീയതികളിൽ മാത്രമേ വെർച്വൽ ക്യൂവഴി ബുക്ക് ചെയ്യാൻ ഇനി അവസരമുള്ളൂ. മണ്ഡലകാലം പാതിയാകും മുൻപ് വെർച്വൽ ക്യൂ ബുക്കിങ് പരിധി തീർന്നതിൽ ആശങ്കയിലാണ് തീർഥാടകർ. ഒരു തീർഥാടകനുപോലും ദർശനം കിട്ടാതെ മടങ്ങേണ്ടിവരില്ലെന്നും ആവശ്യമെങ്കിൽ പമ്പയിലും എരുമേലിയിലും തത്സമയ ബുക്കിങ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കുന്നത് പരിഗണിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.
നിലവിൽ ശബരിമലയിൽ ദർശനം നടത്തിയ ഭക്തരുടെ ആകെയെണ്ണം 14 ലക്ഷം കഴിഞ്ഞു. ഇതിൽ രണ്ടുലക്ഷത്തോളം പേർ സ്പോട്ട് ബുക്കിങ് വഴി ദർശനം നടത്തിയവരാണ്. വെർച്വൽ ക്യൂവിൽ ഒരു ദിവസം ബുക്ക് ചെയ്യാവുന്നവരുടെ പരിധി 70,000 ആണ്. ഇത് 80,000 ആയി ഉയർത്താമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നെങ്കിലും ദേവസ്വം ബോർഡ് തയ്യാറല്ല. 80,000 ആയി പരിധി ഉയർത്തിയാൽ തത്സമയ ബുക്കിങ് ഉൾപ്പെടെ തീർഥാടകരുടെ എണ്ണം ചിലപ്പോൾ ലക്ഷത്തിലേക്ക് വന്നേക്കും. ഇത് തിരക്ക് നിയന്ത്രണാധീതമാകാൻ ഇടയാക്കുന്നതിനാൽ പരിധി ഉയർത്തുന്നത് ചിന്തിക്കുന്നില്ലെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.