കണ്ണൂർ :- എ.ഡി.എം കെ.നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കെ.മഞ്ജുഷ നൽകിയ ഹർജിയിൽ വിധിപറയുന്നത് കോടതി 28- ലേക്ക് മാറ്റി. കേസിൽ വിശദമായി വാദം കേട്ടിരുന്ന കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) വ്യാഴാഴ്ച വിധി പറയാനായി വെച്ചിരുന്നതാണ്. രേഖകൾ സംരക്ഷിച്ചില്ലെങ്കിൽ, ഭാവിയിൽ കേസന്വേഷണം വേറെ ഏതെങ്കിലും ഏജൻസിയെ ഏൽപ്പിക്കുകയാണ്. എങ്കിൽ തെളിവുകൾ കിട്ടാതാകുമെന്ന വാദവുമായാണ് ഹർജ് ഫയൽ ചെയ്തത്.
ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ, ജില്ലാ കളക്ടർ അരുൺ കെ.വിജയൻ, പെട്രോൾ പമ്പിന് അപേക്ഷ നൽ കിയ ടി.വി പ്രശാന്തൻ എന്നിവരുടെ മൊബൈൽ ഫോൺ വിളികളുടെ വിശദാംശങ്ങൾ, ഫോണിൻ്റെ ടവർ ലൊക്കേഷൻ എന്നിവ സംബന്ധിച്ച വിവരങ്ങൾ, സംഭവം നടന്ന ദിവസത്തെ വിവിധ സി.സി.ടി.വി ദൃശ്യങ്ങൾ എന്നിവ സംരക്ഷിക്കണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എ.ഡി.എം താമസിച്ചിരുന്ന പള്ളിക്കുന്ന് ഗസറ്റഡ് ഓഫീസേഴ്‌സ് ക്വാർട്ടേഴ്‌സിലേത് ഒഴിച്ചുള്ള മറ്റ് സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആവശ്യപ്പെട്ട വിശദാംശങ്ങൾ നൽകുന്നതിൽ എതിർപ്പില്ലെന്ന് കളക്ടറും കോടതിയെ അറിയിച്ചിരുന്നു.