ഗുരുവായൂർ :- ഗുരുവായൂരിനെ ഭക്തസാഗരമാക്കി ഏകാദശി. ദശമിദിവസമായ ചൊവ്വാഴ്ച പുലർച്ചെ മുതൽ ശ്രീലകം തുറന്നുകിടക്കുന്നതിനാൽ ഭക്തർ ഇടതടവില്ലാതെ വന്നുകൊണ്ടിയിരുന്നു. വ്യാഴാഴ്ച രാവിലെ ദ്വാദശിപ്പണ സമർപ്പണം തീരുന്നതുവരെ ഒഴുക്ക് തുടരും. ഏകാദശിനാളിലെ പതിവ് ഉദയാസ്തമയപൂജ ഇല്ലാതിരുന്നിട്ടും ഭക്തർക്ക് അഞ്ചുമണിക്കൂറിലേറെ വരിനിന്ന ശേഷമേ തൊഴാനായുള്ളൂ. രാവിലെ ഇന്ദ്രസെൻ്റെ പുറത്ത് സ്വർണക്കോലം എഴുന്നള്ളിച്ച കാഴ്ചശ്ശീവേലിക്ക് ഗുരുവായൂർ ശശി മാരാർ മേളം നയിച്ചു.
ശീവേലിക്കു മുൻപായി ആറരയ്ക്ക് പാർഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് പുറപ്പെട്ടു. ഉച്ച പൂജയ്ക്ക് ഗുരുവായൂരപ്പനെ കളഭത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവിൻ്റെ രൂപത്തിലായിരുന്നു അണിയിച്ചൊരുക്കിയിരുന്നത്. ഉച്ചതിരിഞ്ഞുള്ള കാഴ്ചശ്ശീവേലിക്കുള്ള പഞ്ചവാദ്യത്തിന് കുനിശ്ശേരി അനിയൻ മാരാർ സാരഥിയായി. ക്ഷേത്രത്തിനു പുറത്ത് ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും അന്നലക്ഷ്മി ഹാളിലുമായി നടന്ന ഏകാദശിയൂട്ടിൽ 40,000-ത്തിലേറെപ്പേർ പങ്കെടുത്തു.
സന്ധ്യക്ക് പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഗുരുവായൂരിലേക്ക് രഥം എഴുന്നള്ളിച്ചു. രാത്രി വിളക്കെഴുന്നള്ളിപ്പിന് ഗുരുവായൂരപ്പൻ എഴുന്നള്ളിയപ്പോൾ പ്രദക്ഷിണത്തിന് ഇടയ്ക്ക-നാഗസ്വരങ്ങളുടെ വാദ്യപ്രൗഢിയേകി. 15 ദിവസം നീണ്ടുനിന്ന ചെമ്പൈ സംഗീതോത്സവം ബുധനാഴ്ച രാത്രി കൊടിയിറങ്ങി. ദ്വാദശിപ്പണ സമർപ്പണച്ചടങ്ങുകൾ അർധരാത്രിയോടെ തുടങ്ങി. ക്ഷേത്രം കൂത്തമ്പലത്തിൽ വ്യാഴാഴ്ച രാവിലെ എട്ടുവരെ ദ്വാദശി പണം സമർപിക്കാം.