തൃശൂർ :- വേദനസംഹാരി പാരസെറ്റാമോളിൻ്റെ ആവർത്തിച്ചുള്ള ഉപയോഗം ഉദരം, ഹൃദയം, വൃക്ക തുടങ്ങിയവയ്ക്ക് കുഴപ്പമുണ്ടാക്കുമെന്ന് കണ്ടെത്തൽ. 65 വയസ്സിനു മുകളിലുള്ളവർക്കാണ് പ്രശ്നം കണ്ടെത്തിയത്. നിസ്സാര കാരണങ്ങൾക്കു പോലും കണക്കില്ലാതെ പാരസെറ്റാമോൾ കഴിക്കുന്നവർ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.
ആറുമാസത്തിനിടെ രണ്ടുപ്രാവശ്യം പാരസെറ്റാമോൾ കോഴ്സ് (അറുപതോളം ഗുളികകൾ) പൂർത്തിയാക്കിയ 1,84,483 പേരുടെ ശാരീരിക നിലയാണ് നോട്ടിങ്ങാം സർവകലാശാലയിലെ ഗവേഷകർ പഠിച്ചത്. മരുന്നുപയോഗിക്കാത്ത 4,02,478 പേരുമായാണ് ഇവരെ താരതമ്യം ചെയ്തത്. കണ്ടെത്തലുകൾ അമേരിക്കയിലെ ആർത്രൈറ്റിസ് കെയർ ആൻഡ് റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
ഒരു കിലോ ശരീരഭാരത്തിന് പത്തു മുതൽ 15 മില്ലിഗ്രാം വരെയെന്നതാണ് പാരസെറ്റാമോളിന്റെ ഡോസ്. എട്ടുമണിക്കൂർ ഇടവേളയാണിതിന് പറയുന്നത്. ആരോഗ്യവാനായ വ്യക്തിക്ക് പരമാവധി ഒന്നര മുതൽ രണ്ടു ഗ്രാം വരെയാണ് ഒരു ദിവസത്തെ പാരസെറ്റാമോൾ സുരക്ഷിത ഡോസ്. രോഗാവസ്ഥ മാറുന്നതാണ് കോഴ്‌സ് കാലാവധി. പഠനം നടത്തിയ വിഭാഗത്തിലിത് പത്തു ദിവസത്തിനുമുകളിലായിരുന്നു.