കൊച്ചി :- ഉമ തോമസ് എംഎൽഎയ്ക്ക് കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നൃത്ത പരിപാടി നടത്തിയതിന് സംഘാടകർക്കെതിരെയാണ് കേസെടുത്തത്. സ്റ്റേജ് നിർമാണ കരാറുകാർക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഇന്നലെ രാത്രി തന്നെ കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസ് അപകടമുണ്ടായ സ്ഥലം പരിശോധിച്ചിരുന്നു. 12 അടി ഉയരത്തിലാണ് ഗാലറി ക്രമീകരിച്ചത്. 55 അടി നീളമുള്ള സ്റ്റേജിൽ എട്ടടി വീതിയിലാണ് കസേരകൾ ഇടാൻ സ്ഥലമൊരുക്കിയത്. ദുർബലമായ ക്യൂ ബാരിയേർസ് ഉപയോഗിച്ചായിരുന്നു മുകളിൽ കൈവരിയൊരുക്കിയത്. പിന്നാലെ കേസെടുക്കാൻ എഡിജിപി മനോജ് എബ്രഹാം കൊച്ചി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകിയിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎ തീവ്രപരിചണവിഭാഗത്തിൽ തുടരുന്നു. റിനേ മെഡിസിറ്റി ആശുപത്രിയിലുള്ള എംഎൽഎയ്ക്ക് വെന്റിലേറ്ററിന്റെ സഹായമുണ്ട്. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കും ശ്വാസകോശത്തിനും പരിക്കേറ്റ എംഎൽഎ വിദഗ്ദ്ധ ഡോക്ടർമാരുടെ സാനിധ്യത്തിൽ 24 മണിക്കൂർ നിരീക്ഷണത്തിലാണ്. അടിയന്തരശസ്ത്രക്രിയ ആവശ്യമില്ലെന്നാണ് കഴിഞ്ഞ രാത്രിയിൽ ഡോക്ടർമാർ അറിയിച്ചത്. മൂന്ന് വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. ഇതിനെ തുടർന്നാണ് ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചത്. നട്ടെല്ലിനും പരിക്കുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഉൾപ്പെടെയുള്ള വിദഗ്ധ ഡോക്ടർമാരാണ് ഉമ തോമസിനെ ചികിത്സിക്കുന്നത്. പുതിയ മെഡിക്കൽ ബുള്ളറ്റിൻ രാവിലെ പത്തരയോടെ ഇറക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
എംഎൽഎ ഉമാ തോമസ് അപകടനില തരണം ചെയ്തുവെന്ന് ഇപ്പോൾ പറയാറായിട്ടില്ലെന്ന് റെനൈ മെഡിസിറ്റിയിലെ ഡോ. കൃഷ്ണൻ ഉണ്ണി പോളക്കുളത്ത്. എന്നാൽ അതീവ ഗുരുതരാവസ്ഥയിൽ അല്ല. എംഎൽഎയെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. വെന്റിലേറ്ററിൽ തുടരുകയാണെന്നും ആരോഗ്യനില സ്റ്റേബിൾ ആണെന്നും ഡോക്ടർ പറഞ്ഞു.
ഉമാ തോമസ് 24 മണിക്കൂർ നിരീക്ഷണത്തിലാണ്. നട്ടെല്ലിന് ചെറിയ പരിക്കുണ്ട്. ഐസിയുവിൽ മുഴുവൻ സമയം ഡോക്ടർമാർ ഉണ്ട്. ഒന്ന്, രണ്ട്, മൂന്ന് വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്. ഒന്നാം വാരിയെല്ല് പൊട്ടുക എന്ന് പറഞ്ഞാൽ അത് ഗുരുതര പരിക്ക് തന്നെയാണ്. അതാണ് ശ്വാസകോശത്തിൽ രക്തം കട്ടപ്പിടിക്കുന്നതിന് കാരണമായത്. ഇക്കോസ്പ്രിൻ ഗുളിക കഴിക്കുന്നതിനാലാണ് രക്തം കട്ടപ്പിടിക്കാൻ സമയം എടുത്തത്. കുറച്ച് അധികം രക്തം പോയിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു.
എംഎൽഎ വെന്‍റിലേറ്ററിൽ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ. അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെങ്കിലും നേരത്തെയുണ്ടായിരുന്നതിൽ നിന്ന് കാര്യമായ മാറ്റമുണ്ടെന്നും മെഡിക്കൽ സംഘം പറഞ്ഞു. ഇന്ന് രാവിലെ നടത്തിയ സിടി സ്കാൻ പരിശോധനയിൽ തലയുടെ പരിക്കിന്‍റെ അവസ്ഥ കൂടുതൽ ഗുരുതരമായിട്ടില്ലെന്ന് റിനെ മെഡിസിറ്റിപുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.
ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ ചതവുകള്‍ അൽപ്പം കൂടിയിട്ടുണ്ട്. വയറിന്‍റെ സ്കാനിലും കൂടുതൽ പ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. രോഗിയുടെ വൈറ്റൽസ് സ്റ്റേബിള്‍ ആണെങ്കിലും ശ്വാസകോശത്തിന് ഏറ്റ ഗുരുതരമായ ചതവുകാരണം കുറച്ചു ദിവസം കൂടി വെന്‍റിലേറ്ററിൽ തുടരേണ്ട സാഹചര്യമുണ്ട്. ശ്വാസകോശത്തിന്‍റെ ചതവിനായി ആന്‍റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യം നൽകുന്നത്. വിശദമായി നടത്തിയ സ്കാനിൽ അണ്‍ഡിസ്പ്ലേസ്ഡ് സെര്‍വിക്കൽ സ്പൈൻ ഫ്രാക്ചര്‍ ഉണ്ടെങ്കിൽ കൂടി അടിയന്തരമായി ഇടപെടലുകള്‍ ആവശ്യമില്ല. രോഗിയുടെ അവസ്ഥ മെച്ചപ്പെട്ടതിനുശേഷം ആവശ്യമെങ്കിൽ ചികിത്സാ നടപടിക്രമങ്ങള്‍ സ്വീകരിക്കാവുന്നതാണെന്നെന്നും മെഡിക്കല്‍ ബുള്ളറ്റിൻ ഇറക്കിശേഷം മെഡിക്കല്‍ സംഘം മാധ്യമങ്ങളോട് പറഞ്ഞു.
അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നേരത്തെ തന്നെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഹൃദയത്തിന് നേരത്തെ തന്നെ സ്റ്റെന്‍റ് ഇട്ടിട്ടുണ്ട്. അതിന്‍റെ മരുന്ന് കഴിക്കുന്നത് കൊണ്ടാണ് കൂടുതൽ രക്തസ്രാവം ഇന്നലെ ഉണ്ടായത്. ശ്വാസകോശത്തിന്‍റെ ആരോഗ്യ അവസ്ഥയാണ് പ്രധാനപ്പെട്ടത്. ആന്‍റിബയോട്ടിക് ചികിത്സകള്‍ തുടങ്ങിയിട്ടുണ്ട്. മറ്റ് അവയവങ്ങള്‍ക്ക് ഏറ്റ പരിക്ക് ഭേദമാകുന്ന മുറയ്ക്ക് തലചോറിനേറ്റ പരിക്ക് ഭേദമാകുകയുള്ളുവെന്നും മെഡിക്കല്‍ സംഘം പറഞ്ഞു.