തിരുവനന്തപുരം :- കേരളത്തിലെ പകുതിയിലേറെ വാഹനാപകടങ്ങൾക്കും കാരണം അമിതവേഗമെന്ന് 2023ലെ പോലീസിൻ്റെ അവലോകന റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ 4080 അപകടമരണങ്ങളിൽ 2107 എണ്ണവും (51.64%) അമിതവേഗം കാരണമായിരുന്നു. പരുക്കേറ്റു കിടപ്പായവർ 25,000 കവിയുമെന്നാണു കണക്ക്. അമിതവേഗം തടയാൻ പോലീസിനും മോട്ടർവാഹന വകുപ്പിനും വേണ്ടത്ര സംവിധാനങ്ങളില്ല. മോട്ടർവാഹന വകുപ്പ് സ്‌ഥാപിച്ച 720 എഐ ക്യാമറയിൽ 8 എണ്ണം മാത്രമാണ് അമിതവേഗം കണ്ടെത്തുന്നത്. ഇതിൽ 4 എണ്ണം റോഡിൽ സ്‌ഥാപിച്ചിട്ടുണ്ട്. ബാക്കി നാലെണ്ണം മൊബൈൽ സ്‌ക്വാഡ് ഉപയോഗിക്കുന്നു.
അമിതവേഗത്തിനു പിഴ ലഭിച്ച ചിലർ നൽകിയ പരാതിയിൽ ഹൈക്കോടതി മോട്ടർവാഹ ന വകുപ്പിനെതിരെ നിലപാടെടുത്തതു തിരിച്ചടിയായി. റോഡിൽ എത്ര കിലോമീറ്റർ വേഗത്തിൽ പോകാമെന്നു മുന്നറിയിപ്പു ബോർഡ് വയ്ക്കാതെ എങ്ങനെയാണ് അമിതവേഗത്തിനു പിഴയിടാക്കാനും ക്യാമറ വയ്ക്കാനും സാധിക്കുന്നതെന്നു കോടതി ചോദിച്ചിരുന്നു. പ്രധാന റോഡുകളിൽപോലും അനുവദനീയ വേഗത്തിൻ്റെ വിവരങ്ങളോ മുന്നറിയിപ്പു ബോർഡുകളോ ഇല്ല.