കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്ത് മൂലംപെറ്റ ഭഗവതി കെട്ടിയാടി


ശ്രീകണ്ഠപുരം :- കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്ത് മൂലംപെറ്റ ഭഗവതി കെട്ടിയാടി. ഇന്നലെ പുലർച്ചെ കെട്ടിയാടിയ ഭഗവതിയെ കാണാനായി നിരവധി പേരാണ് എത്തിയത്. തിരുവപ്പനയുടെ കൽപന അനുസരിച്ചാണ് മൂലംപെറ്റ ഭഗവതി കെട്ടിയാടുന്നത്. ബാലനായ മുത്തപ്പൻ കുന്നത്തൂർപാടിയിൽ വന്നപ്പോൾ സ്‌ഥലദേവതയായ ഭദ്രകാളി സ്വാഗതം ചെയ്തു പുത്രനായി സ്വീകരിച്ചുവെന്നാണ് ഐതിഹ്യം. ദാരികവധത്തിന് പിറന്ന ഭഗവതി അസുരനിഗ്രഹത്തിനു ശേഷം പാടിയിൽ കുടികൊള്ളുകയായിരുന്നു എന്നും വിശ്വാസം.

ദാരികന്റെ താവളമായ ദാരികൻ കോട്ട പാടിക്ക് സമീപമാണെന്നും, മൂലംപെറ്റ ഭഗവതി ഭദ്രകാളിയാണെന്നും ഏരുവേശിയിലെ പാടിക്കുറ്റി ഭഗവതിയാണെന്നും, അയ്യൻകര നായനാരുടെ പത്നി പാടിക്കുറ്റി അന്തർജനമാണെന്നുമുള്ള വിശ്വാസവുമുണ്ട്. ഉത്സവത്തിന്റെ ആദ്യാവസാന ദിവസങ്ങളിലൊഴികെ മറ്റുനാളുകളിൽ ചോറുണിന് ശേഷം ഇന്ന് മാതാവിനെ കെട്ടിയാടണം എന്നു തിരുവപ്പന ആജ്‌ഞാപിക്കുകയാണ് പതിവ്. പിന്നെ ദൈവത്തിന്റെ കാലിൽ വീണ് അനുഗ്രഹം വാങ്ങി മുഖത്തെഴുത്തിന് കിടത്തും. മുത്തപ്പന്റെ മുടി അഴിച്ചയുടൻ ഭഗവതിയുടെ ദാരികവധം തോറ്റം തുടങ്ങും. ഭഗവതിയെ കെട്ടിയാടുന്നത് വണ്ണാൻ ആണെങ്കിലും തോറ്റം പാടുന്നത് അഞ്ഞുറ്റാൻ ആയിരിക്കും.

തോറ്റം നടന്നുകൊണ്ടിരിക്കെ ഭഗവതിക്കോമരത്തിന് ദർശനവും നിയോഗവും ഉണ്ടായിരിക്കും. ദർശനം ഉണ്ടായാൽ ഉടൻ കലശം എടുത്ത് ചില ശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് തിരുവപ്പനയുടെ കോമരം, ചന്തൻ, വണ്ണാൻ, മലയൻ, വാണവർ, കർത്താവ്, കുടുപതി ഇവർക്കെല്ലാം മധുവിത്ത് കൊടുക്കും. ഈ വീത്ത് കിണ്ണത്തിലാണ് കൊടുക്കുക. അപ്പോഴേക്കും ഭഗവതി മുടി വയ്ക്കും. മുള, നാര് ഇവകൊണ്ട് ഗോപുരാകൃതിയിൽ കെട്ടിയുണ്ടാക്കി മലവാഴയില കൊണ്ട് അലങ്കരിച്ചതാണ് മൂലംപെറ്റ ഭഗവതിയുടെ മുടി. പട്ടുകൊണ്ട് ഉടയാടയും ആഭരണങ്ങളും വേണം. സുര്യോദയത്തിനുമുൻപു ഭഗവതി മുടിയഴിച്ചിരിക്കണം. രണ്ടു നാഴിക നേരം മാത്രമേ ഭഗവതി കെട്ടിയാടാൻ പാടുള്ളു. മത്സ്യമാംസാദികൾ പാടില്ല. സ്ത്രീകൾ ഭഗവതിക്ക് വസ്ത്രം നൽകും. കുന്നത്തൂർപാ ടി കഴിഞ്ഞാൽ മൂലംപെറ്റ ഭഗവതിയുള്ള ഒരേയൊരു സ്ഥാനം നുഞ്ഞീങ്ങര മുറ്റമാണ്. ഉത്സവം ജനുവരി 16ന് സമാപിക്കും.

Previous Post Next Post