കണ്ണൂർ :- ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കരതൊട്ട് ന്യൂനമർദമായതിനെത്തുടർന്ന് വടക്കൻ കേരളത്തിലെ രണ്ട് ജില്ലകളിൽ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്. കാസർഗോഡ്, മലപ്പുറം എന്നീ ജില്ലകളിലാണ് അതിതീവ്രമഴ രേഖപ്പെടുത്തിയത്. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം (378.2), ഉപ്പള (358), മംഗൽപ്പാടി (253.5) മില്ലി മീറ്റർ വീതം മഴയാണ് പെയ്തത്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലും (214 മില്ലിമീറ്റർ) മഴയാണ് രേഖപ്പെടുത്തിയത്. ഹൊസദുർഗ് (196 മി.മീ.), ഏനമാക്കൽ (196 മി.മീ.), എരികുളം (194 മി.മീ.), പാലക്കടവ് (193.2 മി.മീ.), വടകര (178 മി. മീ), പൊന്നാനി (172 മി.മീ.) എന്നിവയാണ് മഴക്കണക്കിൽ ആദ്യ 10 സ്ഥാനങ്ങളിലെത്തിയ പ്രദേശങ്ങൾ.
തിങ്കളാഴ്ച രാവിലെ 8.30 മുതൽ ചൊവ്വാഴ്ച രാവിലെ 8.30 വരെയുള്ള സമയങ്ങളിലാണ് സംസ്ഥാനത്ത് ഇത്രയും മഴ രേ ഖപ്പെടുത്തിയത്. വിവിധ ജില്ലക ളിലെ 71 ഇടങ്ങളിൽ 100 മില്ലീമീറ്ററിലധികം മഴയാണ് പെയ്തത്.തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ആഞ്ഞുവീശിയ ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് വടക്കൻ തമിഴ്‌നാടിനും ദക്ഷിണ കർണാടകയ്ക്കും മുകളിൽ ന്യൂനമർദമായി ശക്തികുറഞ്ഞു. തിങ്കളാഴ്ചരാത്രിയോടെയാണ് വടക്കൻകേരളത്തിനും കർണാടകയ്ക്കും മുകളിലൂടെ അറബിക്കടലിലേക്ക് പ്രവേശിക്കാനാരംഭിച്ചത്.