ഇരിട്ടി :- വേനൽക്കാലത്ത് ജില്ലയ്ക്ക് കുടിവെള്ളം ഉറപ്പാക്കാനായി പഴശ്ശി പദ്ധതിയുടെ ഷട്ടർ അടച്ച് ജലസംഭരണം ആരംഭിച്ചപ്പോൾ ഒഴുകിയെത്തിയത് നൂറുകണക്കിന് പ്ലാസ്റ്റിക് കുപ്പികൾ. കുയിലൂർ ഭാഗത്തെ ഷട്ടറുകളോട് ചേർന്ന ഭാഗത്താണ് കുപ്പികൾ വൻതോതിൽ അടിഞ്ഞിരിക്കുന്നത്. പുഴയോരങ്ങളിൽ കാഴ്ചകാണാൻ എത്തുന്നവർ വലിച്ചെറിയുന്നതും വീടുകളിൽ നിന്ന് ഉപേക്ഷിക്കുന്നതുമായ കുപ്പികളാണ് വെള്ളം ഉയർന്നപ്പോൾ ബാവലി, ബാരപോൾ പുഴയുടെ തീരങ്ങളിൽ നിന്ന് സംഭരണിയിലേക്ക് ഒഴുകിയെത്തിയത്.
മുൻകാലങ്ങളിൽ ഇരിട്ടി നഗരസഭാ ആരോഗ്യ വിഭാഗവും സന്നദ്ധ പ്രവർത്തകരുമായിരുന്നു കുടിവെള്ളത്തിൽ നിന്ന് ഇവ ഭാ ഗികമായെങ്കിലും നീക്കിയിരുന്നത്. ഇക്കുറി ആരും ഇതിനായി രംഗത്തിറങ്ങിയിട്ടില്ല. പഴശ്ശിയിലെ വെള്ളം വിവിധ കുടിവെള്ള പദ്ധതികൾ വഴി വീടുകളിലും സ്ഥാപനങ്ങളിലും നൽകുന്ന വകയിൽ വലിയ വരുമാനം ഉണ്ടാക്കുന്ന ജല അതോറിറ്റി ഇതൊന്നും ഞങ്ങളുടെ പരിധിയിൽ വരുന്ന കാര്യമല്ലെന്ന നിലയിലാണ് നടത്തുന്നത്. പഴശ്ശിയെ മലിനമാക്കുന്നത് തടയാൻ ഒരു നടപടിയും ഇന്നേവരെ ഉണ്ടായിട്ടില്ല.
പഴശ്ശി പദ്ധതി പ്രദേശത്തെക്ക് പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും വലിച്ചെറിയുന്നുണ്ട്. കണ്ണൂർ കോർപ്പറേഷൻ, ജില്ലയിലെ ഏഴ് നഗരസഭകൾ, 60-ഓളം പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് സംഭരണിയിൽ നിന്നുള്ള വെള്ളം കുടിവെള്ളമായി എത്തുന്നത്. പഴശ്ശിയിൽ നിലവിലുള്ള ഏഴ് വലിയ കുടിവെള്ള പദ്ധതികൾക്ക് പുറമെ നിലവിൽ നിർമ്മാണത്തിലിരിക്കുന്ന രണ്ട് പദ്ധതികൾ കുടി പൂർത്തിയാകുന്നതോടെ ജില്ലയിലെ 90 ശതമാനം പ്രദേശങ്ങളിലും കുടിവെള്ളം നൽകുന്ന പദ്ധതിയായി പഴശ്ശി മാറും പ്രതിദിനം 200 ദശലക്ഷം ലിറ്റർ വെള്ളമാണ് പഴശ്ശിയിൽ നിന്ന് പമ്പ് ചെയ്യുന്നത്. പദ്ധതിപ്രദേശത്തോട് ചേർന്ന റോഡുകൾ വരുന്ന ഭാഗങ്ങളിൽ നിന്നും വാഹനത്തിൽ കൊണ്ടുവന്ന് സംഭരണിയിലേക്ക് വലിയതോതിൽ അറവ് മാലിന്യങ്ങളും വലിച്ചെറിയുന്നുണ്ട്. കുടിവെള്ളമാണെന്ന ബോധമില്ലാതെ ഇരുട്ടിൻ്റെ മറവിലാണ് ഇതെല്ലാം നടത്തുന്നത്.