ആശുപത്രി പരസ്യങ്ങളിൽ ഡോക്ടർമാർ വേണ്ട, കടുത്ത നിർദ്ദേശവുമായി മെഡിക്കൽ കൗൺസിൽ


തിരുവനന്തപുരം :- ഡോക്ടർമാരുടെ ചിത്രവും യോഗ്യതയും വെച്ച് സ്വകാര്യ ആശുപത്രികൾ പരസ്യം നൽകുന്നതിനെതിരേ വീണ്ടും സംസ്ഥാന മെഡിക്കൽ കൗൺസിൽ. അഖിലേന്ത്യാ മെഡിക്കൽ കമ്മിഷൻ്റെ നിർദേശത്തെത്തുടർന്ന് ഇക്കാര്യം വീണ്ടും ഡോക്ടർമാരെയും ആശുപത്രി മാനേജ്മെന്റുകളെയും അറിയിക്കാൻ തീരുമാനിച്ചു. 2002-ലെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ചട്ടം ലംഘിച്ചാൽ രജിസ്ട്രേഷൻ റദ്ദാക്കുന്ന തടക്കമുള്ള നടപടികൾ ഡോക്ടർമാർക്കെതിരേ സംസ്ഥാന കൗൺസിലിന് സ്വീകരിക്കാനാവും.

എം.ബി.ബി.എസ് മുതലുള്ള അംഗീകൃത യോഗ്യതകളെല്ലാം ഡോക്ടർമാർ മെഡിക്കൽ കമ്മിഷനിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നും അല്ലാത്തവർക്ക് മോഡേൺ മെഡിസിനിൽ പ്രാക്ടീസ് ചെയ്യാനാവില്ലെന്നും കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ നമ്പർ, രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതകൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൻ്റെ പകർപ്പ് എന്നിവ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്ത് പ്രദർശിപ്പിക്കണം. കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതും അംഗീകാരമില്ലാത്തതുമായ യോഗ്യതകൾ പ്രദർശിപ്പിച്ച് പ്രാക്ടീസ് ചെയ്യുന്നതും കുറ്റകരമാണ്.

Previous Post Next Post