മുഴപ്പിലങ്ങാട് :- ഡ്രൈവ് ഇൻ ബീച്ചിലേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം. മുഴപ്പിലങ്ങാട് കുളം ബസാർ എടക്കാട് ടൗൺ എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകളിലൂടെയാണ് ഡ്രൈവ് ഇൻ ബീച്ചിലേക്കും തിരിച്ചും സന്ദർശകരുടെ വാഹനങ്ങൾ കടന്നുപോകുന്നത്. കുളം ബസാറിൽ നിന്നുള്ളതാണ് പ്രധാന റോഡ് പഞ്ചായത്ത് റോഡിന്റെ വീതി പോലുമില്ലാത്ത ഈ റോഡിൽ റെയിൽവേ ഗേറ്റും ഉള്ളതിനാൽ ഗതാഗതക്കുരുക്ക് പതിവാണ്. എടക്കാട് ടൗണിൽ നിന്ന് ബീച്ചിലേക്കുള്ള റോഡിലും റെയിൽവേ ഗേറ്റ് ഉള്ളതിനാൽ ഈ റോഡിലും ഗതാഗത ക്കുരുക്ക് പതിവാണ്. ക്രിസ്മസ് ദിനത്തിൽ രാവിലെ മുതൽ 3 ദിവസത്തേക്ക് റെയിൽ പാളത്തിന്റെ അറ്റകുറ്റ പ്രവൃത്തികൾക്കായി കുളം ബസാറിൽ നിന്നുള്ള ബിച്ച് റോഡിലെ റെയിൽവേ ഗേറ്റ് അടച്ചിട്ടത് സന്ദർശകരെയും നാട്ടുകാരെയും തെല്ലൊന്നുമല്ല വലച്ചത്.
എടക്കാട് ടൗണിൽ നിന്നുള്ള റോഡിലെ ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളമാണ് വാഹനങ്ങൾ കിടന്നത്. കുളം ബസാർ-ബീച്ച് റോഡിലെ ലവൽ ക്രോസിൽ റെയിൽ മേൽപാലം നിർമിക്കാൻ പദ്ധതി പ്രഖ്യാപിച്ചെങ്കിലും പ്രാരംഭ പ്രവൃത്തികൾ പോലും തുടങ്ങിയിട്ടില്ല. ദേശീയപാതയിൽ നിന്ന് ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബിപിലേക്ക് പോകുന്ന പ്രധാന റോഡിന് പഞ്ചായത്ത് റോഡിന്റെ വീതി പോലും ഇല്ലാത്തതും പ്രതിസന്ധിയാണ്. വീതി കുറഞ്ഞ റോഡിലൂടെ ഇരുഭാഗത്തുനിന്നും വലിയ വാഹന വരുമ്പോൾ ഗതാഗതം തടസപ്പെടുന്നു. ബീച്ചിലേക്കുള്ള പ്രവേശനം കുളം ബസാർ റോഡിലൂടെയും തിരിച്ച് എടക്കാട് റോഡിലൂടെയും ക്രമീകരിച്ച് വൺവേ നടപ്പാക്കണമെന്നും ആവശ്യമുണ്ട്.