കൊളച്ചേരി :- കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വയോജനമേള കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ നടന്നു. സിനിമാതാരം സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു. കലാകായിക സാംസ്കാരിക സ്ത്രീകളുടെ മുന്നേറ്റമാണ് പൊതുസമൂഹത്തിൽ കണ്ടുവരുന്നതെന്ന് സിനിമാതാരം സന്തോഷ് കീഴാറ്റൂർ പറഞ്ഞു. നാടെങ്ങും സ്കൂൾ കലോത്സവങ്ങൾ നടക്കുമ്പോൾ വയോജന മേളകൾക്കും തുല്യ പ്രാധാന്യമുണ്ട്. സ്വതസിദ്ധമായ കഴിവുകൾ ജീവിതത്തിൻ്റെ അവസാനംവരെ പ്രകടിപ്പിക്കുകയെന്നത് കലാഹൃദയമുള്ളവരുടെ അഭിലാഷമാണ് അതിന് ഇത്തരം മേളകൾ അനിവാര്യമാണ് എന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി. അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു.
വയോജനങ്ങളുടെ നാടൻപാട്ട്, വടക്കൻപാട്ട്, മാപ്പിളപ്പാട്ട്, നാട്ടിപ്പാട്ട്, നൃത്തനൃത്യങ്ങൾ, സംഘനൃത്തം, ഒപ്പന, കൈകൊട്ടികളി, സംഘഗാനം, മിമിക്രി തുടങ്ങി 25 ഓളം ഇനങ്ങളിൽ അവതരണം നടന്നു. എല്ലാ വാർഡുകളിൽ നിന്നും വിവിധ മത്സരങ്ങൾക്കായി വയോജനങ്ങൾ എത്തിയിരുന്നു.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.വി വത്സൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് എം.സജ്മ , സബ്കമ്മിറ്റി ചെയർമാൻമാരായ കെ.പി നാരായണൻ, എം.റാസിന, കൺവീനർ ശ്രീദേവി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.ബാലസുബ്രഹ്മണ്യം, കെ.വി അസ്മ , എൽ.നിസാർ, മെമ്പർമാരായ കെ.പി അബ്ദുൾ സലാം, അഷ്റഫ്, വി.വി ഗീത, കെ.പ്രിയേഷ്, സീമ കെ.സി, സിഡിഎസ് ചെയർപേഴ്സൺ ദീപ എന്നിവർ പങ്കെടുത്തു.