ശ്രീഹരിക്കോട്ട :- ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒയുടെ ചെയര്മാന് പദവിയില്‍ ഡോ. വി നാരായണന് വിജയത്തുടക്കം. ഇസ്രൊ മേധാവിയായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ ദൗത്യമായ 'GSLV-F15/NVS-02' വിജയമാക്കാന്‍ വി നാരായണനായി. ഐഎസ്ആര്‍ഒയുടെ അഭിമാനമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നുള്ള 100-ാം വിക്ഷേപണം എന്ന പ്രത്യേകതയും ജിഎസ്എല്‍വി-എഫ്15/എന്‍വിഎസ്-02 ദൗത്യത്തിനുണ്ടായിരുന്നു. മലയാളിയായ തോമസ് കുര്യനായിരുന്നു ഇസ്രൊയുടെ ഈ ചരിത്ര ബഹിരാകാശ ദൗത്യത്തിന്റെ മിഷന് ഡയറക്ടര്‍ എന്നത് ഇരട്ടി അഭിമാനമായി.
ഇന്ന് രാവിലെ 6.23ന് സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് കുതിച്ചുയര്‍ന്ന ജിഎസ്എല്‍വി റോക്കറ്റ്, രണ്ടാം തലമുറ എന്‍വിഎസ്-02 സാറ്റ്ലൈറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ നാവിക് ശൃംഖലയുടെ ഭാഗമാണ് എന്‍വിഎസ്-02 കൃത്രിമ ഉപഗ്രഹം.
ശ്രീഹരിക്കോട്ടയിലെ നൂറാം വിക്ഷേപണ ദൗത്യം വിജയകരമായി പൂർത്തിയാക്കിയെന്ന് ഇസ്രൊ ചെയർമാൻ ഡോ. വി നാരായണൻ അറിയിച്ചു. 'ശ്രീഹരിക്കോട്ടയിൽ മൂന്നാം വിക്ഷേപണത്തറയ്ക്ക് അടക്കം അനുമതിയായി കഴിഞ്ഞു. ചന്ദ്രയാൻ ശ്രേണിയിലടക്കം കൂടുതൽ ദൗത്യങ്ങൾ വരാനിരിക്കുന്നു'- എന്നും പറഞ്ഞ വി നാരായണന് മുന്‍ തലവന്മാര് അടക്കമുള്ള ഐഎസ്ആര്‍ഒ കുടുംബാംഗങ്ങള്‍ക്ക് നന്ദി അറിയിച്ചു. നാസ- ഐഎസ്ആർഒ സംയുക്ത സംരംഭമായ നിസാര്‍ ഉപഗ്രഹത്തിന്റെ വിക്ഷേപണം വൈകാതെ നടക്കുമെന്നും ഇസ്രൊ മേധാവി അറിയിച്ചു. കിറുകൃത്യമായാണ് എന്‍വിഎസ്-02 സാറ്റ്ലൈറ്റിനെ ജിഎസ്എല്‍വി ഭ്രമണപഥത്തിൽ സ്ഥാപിച്ചതെന്ന് മിഷൻ ഡയറക്ടർ തോമസ് കുര്യൻ വ്യക്തമാക്കി.