ഇതെന്ത്‌ കഥ ! ബസിൽ നിന്ന് മൂട്ട കടിച്ചു, യുവതിക്ക് 1.29 ലക്ഷം നഷ്ടപരിഹാരം


മംഗളൂരു :- വളർത്തുനായ കടിച്ചാൽ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കാൻ നിയമമുണ്ട്. എന്നാൽ മൂട്ട കടിച്ചാലോ...? ഒരു ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരം കിട്ടി മംഗളൂരുവിലെ ഒരു യുവതിക്ക്. ബസ് യാത്രയ്ക്കിടെ സീറ്റിൽ നിന്ന് മൂട്ട കടിച്ചതിനെ തുടർന്നാണ് നഷ്ടപരിഹാരം നൽകാൻ വിധി. ദക്ഷിണ കന്നഡ പാവൂർ സ്വദേശിനി ദീപിക സുവർണയ്ക്കാണ് 1.29 ലക്ഷം രൂപ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി നഷ്ടപരിഹാരമായി നൽകാൻ വിധിച്ചത്. ബസ് ഉടമയും യുവതി ടിക്കറ്റ് ബുക്ക് ചെയ്ത റെഡ് ബസ് ആപ്പും ചേർന്നാണ് നഷ്ടപരിഹാരം നൽകേണ്ടത്.

ദീപികയും ഭർത്താവ് ശോഭരാജും റെഡ് ബസ് ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്ത‌്‌ മംഗളൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് സീ ബേർഡ് എന്ന സ്വകാര്യ ബസിൽ യാത്ര ചെയ്യുന്ന തിനിടെയാണ് ദുരനുഭവം ഉണ്ടായത്. കന്നഡ ചാനലിലെ റിയാലിറ്റി ഷോ ആയ രാജാറാണിയിൽ മത്സരിക്കാനാണ് ഇരുവരും യാത്രതിരിച്ചത്. യാത്രയ്ക്കിടെ ഉറങ്ങുമ്പോൾ സീറ്റിൽനിന്ന് മൂട്ടയുടെ കടിയേറ്റു. ബസ് ജീവനക്കാരനോട് പറഞ്ഞപ്പോൾ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. യാത്രയിലുണ്ടായ ഈ അസ്വസ്ഥത ദീപികയുടെ റിയാലിറ്റി ഷോ പ്രകടനത്തെ ബാധിച്ചെന്നും ഇത് ഷോയുടെ പ്രതിഫലം കുറയാൻ ഇടയാക്കിയെന്നും പരാതിയിൽ പറയുന്നു. അന്വേഷണത്തിനൊടുവിൽ ഒരുലക്ഷം രൂപ നഷ്ടപരിഹാരം, 10,000 രൂപ നിയമ ചെലവ്, 850 രൂപ ടിക്കറ്റ് ചെലവ്, 18,650 രൂപ പിഴ എന്നിവയടക്കം 1.29 ലക്ഷം രൂപ പരാതിക്കാരിക്ക് നൽകാനാണ് കോടതി വിധിച്ചത്.

Previous Post Next Post