കണ്ണൂർ :- 2025 വർഷത്തിൽ ആദ്യം മുതലുണ്ടായ വാഹനാപകട മരണങ്ങൾ ഓരോ ദിനവും ആവർത്തിക്കുകയാണ്. ചൊവ്വാഴ്ച രാത്രിയും നിരത്തിൽ ഒരു ജീവൻ പൊലിഞ്ഞു. 15 ദിവസം അപകടങ്ങൾ കവർന്നത് ഒൻപതു ജീവൻ. കൂത്തുപറമ്പിൽ ചൊവ്വാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ ബാർ ഹോട്ടലിൽ ഇലക്ട്രിഷ്യനായ കോഴിക്കോട് വേങ്ങേരിയിലെ ഫാദിൽ ഹുസൈൻ (31) ആണ് മരിച്ചത്.
2024ൽ ജില്ലയിലുണ്ടായ വാഹനാപകടങ്ങളിൽ 212 പേരാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റു ചികിത്സയിൽ കഴിയുന്നത് 1500 പേരും. ആകെ 2700 അപകട. ഈ വർഷം തുടക്കം തന്നെ ഞെട്ടിക്കുന്ന രീതിയിലാണ് കണക്കുകൾ പോകുന്നത്. ശ്രീകണ്ഠപുരത്തിനടുത്ത് വളക്കൈയിൽ സ്കൂൾ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് സ്കൂൾ വിദ്യാർഥി മരിച്ച വാർത്തയാണ് പുതുവർഷത്തിൽ തന്നെ ജില്ല കേട്ടത്. അപകടത്തിൽ 22 പേർക്കാണു പരുക്കേറ്റത്, കുറുമാത്തൂർ ചിന്മയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ചൊറുക്കള നാഗത്തിനു സമീപം വയക്കാലിൽ എം.പി.രാജേഷിന്റെ മകൾ നേദ്യ എസ്.രാജേഷ് ആണു മരിച്ചത്. തലകീഴായി മറിഞ്ഞ ബസിനടിയിൽപെട്ട നേദ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെട്ടാണ് കൂടുതൽ പേർ മരിച്ചത്. സ്കൂട്ടർ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിലിടിച്ചാണ് പാണപ്പുഴ മുടേങ്ങ എടാടൻ വീട്ടിൽ പ്രഭാകരൻ മരിച്ചത്. ആറിന് കോയിപ്ര റോഡിൽ വെള്ളോറ സ്കൂളിനു സമീപം പുലർച്ചെയായിരുന്നു അപകടം. ഏഴിന് ദേശീയപാതയിൽ മുഴപ്പിലങ്ങാട് മഠത്തിനു സമീപം സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ചേറ്റംകുന്ന് റോഡ് മഹലിൽ സജ്മീർ മരിച്ച അപകടം ഉണ്ടായത് രാത്രിയായിരുന്നു.
ഒൻപതിന് പാപ്പിനിശ്ശേരി വേളാപുരം പള്ളിക്കു സമീപം റോഡിലെ ബാരിക്കേഡിൽ സ്കൂട്ടർ ഇടിച്ചുമറിഞ്ഞ് പിന്നാലെയെത്തിയ കെഎസ്ആർടിസി ബസ് കയറിയുണ്ടായ അപകടത്തിൽ മരിച്ചത് ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു. ചേലേരി തെക്കേക്കര ആകാശ് വിഹാറിലെ പരേതനായ സി.കെ.മധുസൂദനന്റെയും സവിതയുടെയും ഏകമകനാണ് റോഡിൽ രക്തംവാർന്നൊഴുകി മരിച്ചത്. ബസിന് അരികുകൊടുക്കുമ്പോഴായിരുന്നു ബൈക്ക് ബാരിക്കേഡിൽ ഇടിച്ചു മറിഞ്ഞത്. 10ന് കണ്ണൂർ ടൗണിൽ തളാപ്പിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് പറശ്ശിനിക്കടവ് നണിച്ചേരി സ്വദേശി രാഹുൽ കല്ലൂരി പിന്നാലെ വന്ന ലോറിയുടെ അടിയിൽപ്പെട്ടാണു മരിച്ചത്. 11ന് തലശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റോഡിൽ വീണ കുണ്ടുചിറ ബുഷറാസിൽ മുസമ്മൽ ദേഹത്തു കാർ കയറിയാണു മരിച്ചത്.
ഉളിയിൽ സംസ്ഥാനാന്തര പാതയിലുണ്ടായ അപകടത്തിൽ രണ്ടു ജീവനാണു നഷ്ടമായത്. മകന്റെ വിവാഹ വസ്ത്രങ്ങൾ എടുക്കാൻ കൊച്ചിയിൽ പോയി മടങ്ങുന്ന സംഘം സഞ്ചരിച്ച കാർ സംസ്ഥാനാന്തര പാതയിൽ ഉളിയിൽ പാലത്തിനു സമീപം സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പ്രതിശ്രുത വരന്റെ അമ്മ ഉളിക്കൽ കാലാങ്കി കയ്യൂന്നപാറയിലെ കെ.ടി.ബീന (51), ഇവരുടെ ഭർത്താവിന്റെ സഹോദരിയുടെ മകൻ ഐടി കമ്പനി ജീവനക്കാരൻ മംഗളൂരുവിലെ ആനത്താരി ഹൗസിൽ എ.എ.ലിജോബി (37) എന്നിവരായിരുന്നു മരിച്ചത്.
കൂത്തുപറമ്പ് ടൗണിൽ ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ മരിച്ച ഫാദിലും കൂട്ടുകാരും സഞ്ചരിച്ച കാർ എതിരെ വന്ന കോൺക്രീറ്റ് റെഡിമിക്സ് ലോറിയിൽ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഫാദിൽ മരിച്ചു. കൂടെയുണ്ടായിരുന്ന മൂന്നുപേരിൽ രണ്ടുപേർക്കും ഗുരുതര പരുക്കാണ്. ഗോകുലത്തെരു വഴി വില്ലേജ് ഓഫിസിന്റെ മുന്നിലെത്തിയ കാർ ഇരിട്ടി ഭാഗത്തേക്ക് തിരിഞ്ഞ് അൽപം സഞ്ചരിച്ചപ്പോഴാണ് എതിരെ വന്ന ലോറിയിൽ ഇടിച്ച് അപകടം ഉണ്ടായത്.