മകരവിളക്ക് തീർഥാടന ചടങ്ങുകൾ അവസാനഘട്ടത്തിലേക്ക് ; ജനുവരി 20 ന് നട അടയ്ക്കും


ശബരിമല :- മകരവിളക്ക് തീർഥാടന ചടങ്ങുകൾ അവസാനഘട്ടത്തിലേക്ക് കടക്കുന്നു. 20ന് രാവിലെ 6.30നാണ് നട അടയ്ക്കുന്നതെങ്കിലും ഇന്ന് മുതൽ ഓരോ ചടങ്ങുകൾ പൂർത്തിയാകും. തിരുവാഭരണം ചാർത്തിയ അയ്യപ്പ ദർശനം ഇന്ന് രാത്രി അത്താഴ പൂജയോടെ അവസാനിക്കും. നെയ്യഭിഷേകം നാളെ രാവിലെ 10.30 വരെ മാത്രമേ ഉള്ളൂ. അതിനു ശേഷം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ ദേവസ്വത്തിന്റെ കളഭാഭിഷേകം നടക്കും. മണിമണ്ഡപത്തിലെ കളമെഴുത്തും അയ്യപ്പ സ്വാമിയുടെ എഴുന്നള്ളത്തും നാളെ പൂർത്തിയാകും.

തീർഥാടകർ‌ക്കുള്ള ദർശനം 19ന് രാത്രി 10 വരെ മാത്രം. അന്ന് വൈകിട്ട് 6 വരെ തീർഥാടകരെ പമ്പയിൽ നിന്നു കടത്തിവിടം. 19ന് രാത്രി അത്താഴ പൂജയ്ക്കു ശേഷം മാളികപ്പുറത്തെ മണിമണ്ഡപത്തിനു മുൻപിൽ തീർഥാടനത്തിനു സമാപനം കുറിച്ച് ഗുരുതി നടക്കും. 20ന് രാജപ്രതിനിധിക്കു മാത്രമാണ് ദർശനം. അതിനു മുൻപ് തിരുവാഭരണത്തിന്റെ മടക്കഘോഷയാത്ര സന്നിധാനത്തുനിന്നു പുറപ്പെടും. രാജപ്രതിനിധിയുടെ ദർശനത്തിനു ശേഷം മേൽശാന്തി അയ്യപ്പ സ്വാമിയെ ഭസ്മാഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും.

Previous Post Next Post