കണ്ണൂർ :- കാൻസർ നിർണയത്തിൽ ഡോക്ടർമാർക്ക് സഹായമേകി നിർമിതബുദ്ധി (എ.ഐ) സംവിധാനം. രോഗം കണ്ടെത്തുന്നതിലെ വേഗം, കൃത്യത, സൂക്ഷ്മത എന്നിവയാണ് എ.ഐ ഉപകരണങ്ങളുടെ മികവ്. നേരത്തേ കണ്ടെത്തി ചികിത്സിക്കുക എന്നത് കാൻസറിൻ്റെ കാര്യത്തിൽ വളരെ പ്രധാനമാണെന്നത് എ.ഐ സാങ്കേതികവിദ്യയുടെ പ്രസക്തി വർധിപ്പിക്കുന്നു. യു.എസിൽ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കാൻസർ നിർണയത്തിനായി പല എ.ഐ അടിസ്ഥാന ടൂളുകൾക്കും അംഗീകാരം നൽകിക്കഴിഞ്ഞു. താമസിയാതെ ഇന്ത്യയിലും എ.ഐ ഉപയോഗം വന്നെത്തും. ഇതിനുള്ള ഗവേഷണങ്ങൾ നടന്നുവരുകയാണ്.
സ്തനം, വൻ കുടൽ, ശ്വാസകോശം, ചർമം, പാൻക്രിയാസ് എന്നിവയെ ബാധിക്കുന്ന കാൻസറുകളുടെ നിർണയത്തിലാണ് ഇപ്പോൾ എ.ഐ സാങ്കേതികവിദ്യ കൂടുതലും ഉപയോഗപ്പെടുത്തുന്നത്. മാസ് ജനറൽ കാൻസർ സെൻ്റർ ആൻഡ് മസാച്ചു സെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വികസിപ്പിച്ച സിബിൽ എന്ന ടൂൾ ശ്വാസകോശ കാൻസർ വരാനുള്ള സാധ്യത നേരത്തേ പ്രവചിക്കുന്നു.
പാൻക്രിയാസിലെ ചില കാൻസർ തുടക്കത്തിൽ കണ്ടെത്തുന്നതിന് മിക്കപ്പോഴും സാധിക്കാറില്ല. കോശങ്ങളിലെ സൂക്ഷ്മമായ മാറ്റം സി.ടി സ്ലാനിലും മറ്റും 40 ശതമാനവും തിരിച്ചറിയാതെപോകാറുണ്ട്. എന്നാൽ, എ.ഐ അടിസ്ഥാനമാക്കി സമീപകാലത്ത് വികസിപ്പിച്ച മാതൃകയിൽ സൂക്ഷ്മമാറ്റംവരെ കണ്ടെത്തുന്നു. വൻകുടലിലെ കാൻസർ കണ്ടെത്തുന്നതിനുള്ള എ.ഐ സഹായത്തോടെയുള്ള കൊളനോസ്‌കോപ്പി പരിശോധന രോഗനിർണയ സാധ്യത 26 ശതമാനം കൂട്ടുന്നു. മാമോഗ്രാം ഫലം വേഗത്തിലും സൂക്ഷ്മമായും വിലയിരുത്താൻ എ.ഐ സഹായിക്കും. ഗർഭാശയഗളത്തിലേത് ഉൾപ്പെടെ ചില കാൻസർ പൂർവമാറ്റങ്ങൾ കണ്ടെത്താനും എ.ഐ പ്രയോ.ജനപ്പെടും.