ആറുവർഷം നീണ്ട നിയമപോരാട്ടം ; പെരിയ ഇരട്ടകൊലക്കേസ് വിധി ഇന്ന്


കാസർഗോഡ് :- പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് വിധി പറയുന്നത്. കേസിലെ പത്ത് പ്രതികൾക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ആറുവർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് മലയാളികളെ ഒന്നടങ്കം കണ്ണീരണിയിച്ച, സംസ്ഥാന രാഷ്ട്രീയത്തിൽ പ്രകമ്പനം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിൽ കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതി ഇന്ന് ശിക്ഷ വിധിക്കുന്നത്. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ. മണികണ്‌ഠൻ ഉൾപ്പടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

കുറ്റക്കാരിൽ ഏറിയ പങ്കും സിപിഎം നേതാക്കളും പ്രവർത്തകരുമാണ്. ഒന്നു മുതൽ 8 വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ കുറ്റവിമുക്തരാക്കി. ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങൾ കണ്ടെത്തിയത്.

ജീവപര്യന്തം മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. പത്താം പ്രതി ടി രഞ്ജിത്ത് പതിനഞ്ചാം പ്രതി എ സുരേന്ദ്രൻ എന്നിവർ ഈ കുറ്റങ്ങൾക്കു പുറമെ തെളിവു നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തി. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പടെ നാലു പ്രതികൾക്കെതിരെ പൊലീസ് കസ്റ്റഡിയിൽനിന്നു പ്രതിയെ കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് ചുമത്തിയത്.

 പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ. കൊന്നവരെയല്ല കൊല്ലിക്കുന്നവരെയാണ് ഭയമെന്നും സത്യനാരായണൻ പറഞ്ഞു. കൊല്ലിക്കുന്നവരാണ് ശരിയായ കൊലയാളികൾ. പ്രതികൾക്ക് തക്കതായ ശിക്ഷ കിട്ടിയില്ലെങ്കിൽ കേരള ജനതക്ക് ആർക്കും സമാധാനത്തോടെ ജീവിക്കാൻ സാധിക്കില്ല. പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ അവശേഷിക്കുന്ന ജീവിതം ഉഴിഞ്ഞുവെയ്ക്കുകയാണെന്നും സത്യനാരായണൻ പറഞ്ഞു. 

കൊല്ലിക്കുന്നവാണ് ശരിക്കുള്ള കാലൻമാർ. അവരീ പ്രവർത്തനം നടത്തുന്നില്ലെങ്കിൽ താഴേത്തട്ടിലുള്ള ഒരാളും ഇതിന് മുതിരില്ല. കൊല്ലിക്കുന്നവരാണ് യഥാർത്ഥ കൊലയാളികൾ. അവർ പിടിക്കപ്പെട്ടാൽ മാത്രമേ ഇതിനൊരു പരിഹാരമാകുകയുള്ളൂ. അവിടത്തേക്ക് എത്താതിരിക്കാൻ ഈ കേസിന് വിഘാതമായി സർക്കാരടക്കം പ്രവർത്തിച്ചു. അതിനൊരു മാറ്റം വരണം. അതിനായി ഏതറ്റം വരെയും പോകാൻ ഞങ്ങൾ തയ്യാറാണ്. നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടു. ഇനിയുള്ളവർക്കെങ്കിലും സ്വസ്ഥമായി ജീവിക്കാനുള്ള അവസരം കേരളത്തിലുണ്ടാകട്ടെ എന്ന് മാത്രമേ പറയാനുള്ളൂ. അതിനു തക്ക വിധി ഇന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും സത്യനാരായണൻ പറഞ്ഞു.

Previous Post Next Post