കേരളത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രായം കുറഞ്ഞ വനിതാ കുറ്റവാളി ഗ്രീഷ്മ ; വധശിക്ഷ കാത്ത് കഴിയുന്ന രണ്ടാമത്തെ സ്ത്രീ


തിരുവനന്തപുരം :- പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രധാന പ്രതി ഗ്രീഷ്‌മയ്ക്ക് നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചതോടെ കേരളത്തിലെ നീതിന്യായ ചരിത്രത്തില്‍ പുതു ചരിത്രം. കേരളത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ കുറ്റവാളിയാണ് 24 വയസുകാരിയായ ഗ്രീഷ്‌മ. കേരളത്തില്‍ ഇപ്പോള്‍ വധശിക്ഷ കാത്ത് കഴിയുന്ന രണ്ടാമത്തെ മാത്രം സ്ത്രീയുമായി ഗ്രീഷ്‌മ മാറി. 

ഷാരോണ്‍ രാജ് വധക്കേസില്‍ ഷാരോണിന്‍റെ കാമുകിയും ഒന്നാം പ്രതിയുമായ ഗ്രീഷ്മയ്ക്ക് തൂക്കു കയറും മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല്‍കുമാറിന് മൂന്ന് വർഷം തടവുമാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഷാരോണിനെ പ്രണയബന്ധത്തില്‍ നിന്ന് ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ പ്രോസിക്യൂഷന്‍റെ എല്ലാ വാദങ്ങളും അംഗീകരിച്ചാണ് കോടതി കേരള ചരിത്രത്തിലെ തന്നെ നിര്‍ണായകമായ വിധിപ്രസ്താവം നടത്തിയത്. കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കി.

കാമുകൻ ഷാരോണിനെ ഗ്രീഷ്‌മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25ന് ചികിത്സയിലിരിക്കേ ഷാരോണിന്‍റെ മരണം സംഭവിച്ചു. കേസിലെ മൂന്നാം പ്രതിയും ഗ്രീഷ്‌മയുടെ അമ്മാവനുമായ നിര്‍മ്മല്‍കുമാറിനെ 3 വര്‍ഷം തടവുശിക്ഷയ്ക്കും നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി വിധിച്ചു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. 

ഗ്രീഷ്‌മയെ കൂടാതെ കേരളത്തില്‍ ഇപ്പോള്‍ മറ്റൊരു വനിതയേ വധശിക്ഷ കാത്ത് കഴിയുന്നുള്ളൂ. വിഴിഞ്ഞം മുല്ലൂരിൽ ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയായ റഫീഖ ബീവിയാണ് ഇപ്പോൾ കേരളത്തില്‍ വധശിക്ഷ കാത്ത് കഴിയുന്ന മറ്റൊരു വനിതാ കുറ്റവാളി. 

Previous Post Next Post