ആലപ്പുഴ :- ആളില്ലാത്ത വീട്ടിൽക്കയറി മോഷ്ടിക്കുകയും ശേഷം അതേ വീട്ടിൽത്തന്നെ താമസമാക്കുകയും ചെയ്‌ത മോഷ്ടാവ് കണ്ണുതുറന്നപ്പോൾ കണ്ടത് വൻ പോലീസ് സംഘത്തെ. പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ പോലീസ് ഓടിച്ചിട്ടുപിടിച്ചു. നിരവധി മോഷണക്കേസുകളാണ് പിന്നാലെ തെളിഞ്ഞത്. ആലപ്പുഴയിലാണ് സംഭവം.
മുംബൈ സ്വദേശിയായ അജയ് മെഹന്ത എന്ന അന്തഃസംസ്ഥാന മോഷ്‌ടാവിനെയാണ് കഴിഞ്ഞദിവസം ചെങ്ങന്നൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ കുറച്ചുനാളുകളായി ഇയാൾ കേരളത്തിലുണ്ട്. തികച്ചും അപ്രതീക്ഷിതമായാണ് അജയ് പോലീസ് പിടിയിലായത്. നഗരസഭാ പരിസരത്തെ ആൾത്താമസമില്ലാത്ത വീട്ടിൽ ഉണ്ടുറങ്ങി സുഖമായി കഴിയുകയായിരുന്നു. അപ്പോഴാണ് വീട്ടുടമസ്ഥന്റെ സഹോദരൻ ചെടികൾ നനയ്ക്കാനായി അവിടെയെത്തിയത്. വീട്ടിനുള്ളിൽ ആളനക്കം തിരിച്ചറിഞ്ഞ ഇദ്ദേഹം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.