പഴയങ്ങാടി :- ജൈവവൈവിധ്യങ്ങളുടെ കേന്ദ്രമായ മാടായിപ്പാറയിൽ അടുത്തകാലത്തായി ആരംഭിച്ച പിറന്നാൾ അടക്കമുള്ള ആഘോഷങ്ങൾ പ്ലാസ്റ്റിക് മാലിന്യകേന്ദ്രമാക്കുന്നു. ദുരസ്ഥലങ്ങളിൽ നിന്ന് പോലും എത്തിയാണ് പല തരത്തിലുളള ആഘോഷങ്ങൾ പാറയിൽ നടക്കുന്നത്. ആഘോഷങ്ങൾ കഴിഞ്ഞ് പോകുമ്പോൾ കൊണ്ടുവന്ന പ്ലാസ്റ്റിക് കവർ, ഭക്ഷണ അവശിഷ്ടങ്ങൾ എന്നിവ പാറയിൽ തന്നെ വാരിവലിച്ചെറിഞ്ഞാണ് പലരും പോകുന്നത്. ഇത് പാറയിലെ കാറ്റിൽ മറ്റ് സ്‌ഥലങ്ങളിലേക്ക് കൂടി വ്യാപിക്കുന്നു.
പാറയിലെ പുൽമേടുകൾക്ക് തീ അതിവേഗം പടരാൻ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് വഴിയൊരുക്കുന്നത്. പാറയിൽ മാലിന്യങ്ങൾ തള്ളരുത് എന്ന് ബോധവൽക്കരണ ബോർഡുകൾ പലസ്ഥലത്തായും ഉണ്ട്. എന്നാൽ : ആഘോഷിക്കാനെത്തുന്നവർ മാലിന്യം തളളുന്നതിന് യാതൊരു കുറവും ഇല്ല. കൂടാതെ മാടായിപ്പാറയിലൂടെ കടന്ന് പോകുന്ന വൈദ്യുതലൈനിൽ പോലും പിറന്നാൾ ആഘോഷത്തിന്റെ മാലിന്യം കാണാം. മാടായിക്കാവ്, വടുകുന്ദശിവ ക്ഷേത്രം എന്നിവിടങ്ങളിൽ എത്തുന്ന ഭക്തജനങ്ങൾക്കും മാടായിപ്പാറയിൽ എത്തുന്ന സഞ്ചാരികൾക്കും പ്ലാസ്റ്റിക് ഒരുപോലെ ദുരിതം വിതയ്ക്കുന്നുണ്ട്.