മട്ടന്നൂർ ∙ ഹൃദയാഘാതം സംഭവിച്ച ഗൃഹനാഥയുമായി ആശുപത്രിയിലേക്കു പോയ ആംബുലൻസിന്റെ വഴിമുടക്കിയെന്ന പരാതിയിൽ കാർ ഡ്രൈവർക്കെതിരെ കേസെടുത്തു. ഹൃദയാഘാതത്തെത്തുടർന്ന് കളറോഡ് ടി.പി ഹൗസിൽ ഇ.കെ റുഖിയയെ (70) മട്ടന്നൂരിലെ ആശുപത്രിയിൽനിന്നു തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ കാർ വഴികൊടുത്തില്ലെന്നാണു പരാതി.
റുഖിയയുടെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തും മുൻപേ മരിച്ചെന്നു ബന്ധുക്കൾ പറയുന്നു. ബുധനാഴ്ചയാണു സംഭവം. തലശ്ശേരി നായനാർ റോഡിനു സമീപത്ത് അരക്കിലോമീറ്ററിലേറെ കാർ വഴിമുടക്കിയെന്നു പരാതിയിൽ പറയുന്നു. സൈറൺ മുഴക്കിയിട്ടും മാറിക്കൊടുത്തില്ല. ഇന്നലെയാണ് ആംബുലൻസ് ഡ്രൈവർ ശരത് ആർടിഒക്കും കതിരൂർ പൊലീസിലും പരാതി നൽകിയത്. വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.