കണ്ണൂർ :- കെ.എസ്. ഇ.ബിയുടെ ഉടമസ്ഥതതയിലുള്ള സ്ഥലം വഴിയായി ഉപയോഗിക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ തളിപ്പറമ്പ് 220 കെ.വി.സബ് സ്റ്റേഷനിലേക്കുള്ള റോഡ് വഴിയായി ഉപയോഗിക്കാനാവില്ലെന്നും കെ.എസ്.ഇ.ബി ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മകൾക്ക് വീടുവയ്ക്കുന്നതിന് വാങ്ങിയ 20 സെന്റ് സ്ഥലത്ത് പ്രവേശിക്കാൻ വൈദ്യുതി ബോർഡ് തടസം നിൽക്കുന്നതായി ആരോപിച്ച് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് കണ്ണൂർ ട്രാൻസ്മിഷൻ സർക്കിൾ ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ ഇക്കാര്യം അറിയിച്ചത്.
പൊതുമേഖലാ സ്ഥാപനത്തിന്റെ കൈവശമുള്ള സ്ഥലത്ത് കൂടി സ്വകാര്യ സ്ഥലത്തേക്ക് വഴി അനുവദിക്കാനുള്ള നിർദ്ദേശം നൽകാനാവില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പരാതിക്കാരിയായ തളിപറമ്പ സ്വദേശിനി പി.കെ. പ്രേമജക്ക് 2018 ൽ മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശാനുസരണം അനുവദിച്ചിരിക്കുന്ന സ്ഥലത്തു കൂടി മകൾക്കും വഴി നടക്കാൻ തടസ്സമില്ലെന്ന് വൈദ്യുതി ബോർഡ് കമ്മീഷനെ അറിയിച്ചു. കെ എസ് ഇ.ബി. നിരോധിത സ്ഥലമായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലത്ത് കൂടിയാണ് പദാതിക്കാരി വഴി ആവശ്യപ്പെടുന്നതെന്നും ബോർഡ് അറിയിച്ചു. തുടർന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെയും പരാതിക്കാരിയെയും കമ്മീഷൻ നേരിൽ കേട്ടു. പരാതിയിൽ മനുഷ്യാവകാശ ലംഘനങ്ങളൊന്നും കണ്ടെത്തിയിട്ടില്ലാത്തതിനാൽ കേസ് തീർപ്പാക്കി.