മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഹജ് ഹൗസ് നിർമാണം വേഗത്തിലാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി ഹജ് ഹൗസിനായി കണ്ടെത്തിയ സ്ഥലം അളന്നു തിട്ടപ്പെടുത്തി പ്ലാനും എസ്റ്റിമേറ്റും തയാറാക്കാൻ റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഇക്കഴിഞ്ഞ ഹജ് തീർഥാടന കാലത്താണ് കണ്ണൂർ വിമാനത്താവളത്തിൽ സംസ്ഥഥാനത്തെ രണ്ടാമത്തെ ഹജ് ഹൗസ് നിർമിക്കുമെന്ന് പ്രഖ്യാപിച്ചത്. ഹജ് ഹൗസ് നിർമിക്കാൻ കിയാൽ വിട്ടുനൽകിയ സ്‌ഥലം കഴിഞ്ഞ മാസം മന്ത്രി വി.അബ്ദുറഹിമാന്റെ നേതൃത്വത്തിൽ സന്ദർശിച്ചിരുന്നു. വിമാനത്താവളത്തിൽ കുറ്റിക്കരയിലെ മൂന്നാം ഗേറ്റിന് സമീപത്താണ് ഹജ് ഹൗസിന് വേണ്ടി കിയാൽ സ്‌ഥലം കണ്ടെത്തിയത്.
ഭൂമി അളന്ന് അടയാളപ്പെടുത്തുന്നതിനുള്ള നടപടി പൂർത്തിയാക്കാൻ തലശ്ശേരി തഹസിൽദാർക്കും പ്ലാനും എസ്റ്റിമേറ്റും തയാറാക്കാൻ പൊതുമരാമത്ത് കെട്ടിട വിഭാഗം ജില്ലാ എക്സിക്യൂട്ടീവ് എൻജിനീയർക്കുമാണ് നിർദേശം നൽകിയത്. പ്രത്യേക പരിഗണനാ വിഷയമായതിനാൽ കാലതാമസമില്ലാതെ റിപ്പോർട്ട് സമർപ്പിക്കാൻ കലക്‌ടർ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത തീർഥാടന കാലത്തിന് മുൻപ് നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.