കണ്ണൂർ :- കാൽടെക്സ് മുതൽ താഴെചൊവ്വ വരെ നഗര ദേശീയപാതയിൽ വീണ്ടും ഗതാഗതക്കുരുക്ക്. രാവിലെയും വൈകിട്ടുമാ ണ് രൂക്ഷം. വൈകിട്ട് 6 മുതൽ രാത്രി 8.30 വരെ കാൽടെക്സിൽ നിന്ന് താഴെചൊവ്വ വരെ വാഹനങ്ങളുടെ നീണ്ടനിര ഇഴഞ്ഞുപോകുന്നത് പതിവ് കാഴ്ചയാണ്. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപ്പിലാക്കിയ ഗതാഗത പരിഷ്കാരങ്ങൾ തുടരാത്തതും ട്രാഫിക് പൊലീസ് ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ വാഹന ഡ്രൈവർമാർ അനുസരിക്കാത്തതും കുരുക്ക് രൂക്ഷമാകാനുള്ള കാരണമാണ്. ഇതു കൂടാതെ ദേശീയ പാതയോരത്ത് ഗ്യാസ് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവൃത്തി നടത്തുന്നതും കുരുക്കിന് ആക്കം കൂട്ടിയിട്ടുണ്ട്.
സ്‌കൂൾ വാഹനങ്ങൾ കൂടുതലായി നഗര ദേശീയപാതയിൽ ഇറങ്ങുന്ന രാവിലെ 8 മുതൽ 10 വരെയും, വൈകിട്ട് 3.30 മുതൽ 5 വരെയും നഗരദേശീയപാതയിലേക്ക് ദീർഘദൂര ലോറികളെ പ്രവേശിക്കാതെ പിടിച്ചിടുന്നത് മുൻപത്തെ ട്രാഫിക് പരിഷ്കാരമായിരുന്നു. ഗതാഗതക്കുരുക്ക്, അപകടങ്ങൾ എന്നിവ കുറഞ്ഞുള്ള ഫലവും ഇത് ചെയ്തിരുന്നു. എന്നാൽ പിന്നീട് തുടർച്ചയുണ്ടായില്ല. നഗര ദേശീയപാതയിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്ന മേലെചൊവ്വ ജംക്‌ഷനിൽ മട്ടന്നൂർ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം ജംക്‌ഷനിൽ നിന്ന് മാറിമട്ടന്നൂർ റോഡ് ഭാഗത്തേക്ക് മാറ്റിയതോടെ ജംക്‌ഷനിലെ കുരുക്ക് പരിഹരിക്കപ്പെട്ടിരുന്നു.
എന്നാൽ രാവിലെയും വൈകിട്ടും, രാത്രിയും പൊലീസിൻ്റെ നിരീക്ഷണമില്ലാത്ത സമയങ്ങളിൽ ബസുകൾ ഇത് പാലിക്കാകത്തതാണ് ഈസമയത്തെ ഗതാഗതക്കുരുക്കിന്കാരണം. നഗര ദേശീയപാതയിൽ ഏറ്റവും വീതി കുറവുള്ള താഴെചൊവ്വ തെഴുക്കിൽ പീടികയിൽ കണ്ണൂർ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം വൈദ്യുതി ഓഫിസിനു മുൻപിലേക്ക് മാറ്റിയെങ്കിലും ബസുകൾ അനുസരിക്കാതെ സിറ്റി റോഡ് ജംക്ഷന് സമീപം തന്നെ നിർത്തുന്നതും സ്‌ഥലത്തെ കുരുക്ക് പരിഹരിക്കാൻ കഴിയാത്തതിന് കാരണമാണ്. താഴെചൊവ്വ റെയിൽവേ ഗേറ്റ് അടയ്ക്കുന്ന സമയത്ത് താഴെചൊവ്വ ബൈപാസിലേക്ക് പ്രവേശിക്കുന്ന റോഡ് തടസപ്പെടുത്തി വാഹനങ്ങൾ നിർത്തുന്നതും കുരുക്കിന് കാരണമാണ്.